വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവം: വീഡിയോ പുറത്തുവിട്ട ആൾട്ട് ന്യൂസ് സ്ഥാപകനെതിരെ കേസ്
ഉത്തർപ്രദേശിൽ സഹപാഠികളെ കൊണ്ട് വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ട ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ മുസാഫർനഗർ പോലീസ് കേസെടുത്തു. വിഷ്ണുദത്ത് എന്നയാളാണ് പരാതി നൽകിയത്. കുട്ടിയെ തിരിച്ചറിയുന്ന വിധത്തിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് കാട്ടിയാണ് കേസ്.
.ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 74-ാം വകുപ്പാണ് ചുമത്തിയിരിക്കുന്നത്. അധ്യാപികയുടെ നിർദേശ പ്രകാരം സഹപാഠികൾ വിദ്യാർത്ഥിയുടെ മുഖത്തടിക്കുന്ന വീഡിയോയായിരുന്നു പുറത്തുവന്നത്. സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 324, 504 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
അന്വേഷണം പൂർത്തിയാകുന്നത് വരെ സ്‌കൂൾ അടച്ചിടാനാണ് ഉത്തരവ്. വിദ്യാഭ്യാസ വകുപ്പിന്റെതാണ് നടപടി. വിദ്യാർത്ഥികളെ മറ്റൊരു സ്‌കൂളിൽ പ്രവേശിപ്പിക്കും എന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു