വിദ്യാർത്ഥിയുടെ മുഖത്തടിച്ച സംഭവം; അന്വേഷണം പൂർത്തിയാകുന്നത് വരെ സ്കൂൾ അടച്ചിടാൻ ഉത്തരവ്

 | 
UP

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസഫർ നഗറിൽ വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ സ്‌കൂളിന് എതിരെ നടപടി. നേഹ പബ്ലിക് സ്‌കൂൾ അന്വേഷണം പൂർത്തിയാകുന്നത് വരെ അടച്ചിടാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ  ഉത്തരവ്. വിദ്യാർത്ഥികളെ മറ്റൊരു സ്‌കൂളിൽ പ്രവേശിപ്പിക്കും എന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു.

അധ്യാപികയ്ക്ക് എതിരായ കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായി കുട്ടിയുടെ പിതാവ് ഇർഷാദ് ആരോപിച്ചിരുന്നു. ഗ്രാമതലവനും കിസാൻ യൂണിയനുമാണ് സമ്മർദ്ദം ചെലുത്തുന്നത് എന്നാണ് ആരോപണം. പിതാവിന്റെ പരാതിയിൽ മൻസുഖ്പൂർ പൊലീസ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

എന്നാൽ സംഭവത്തെ ന്യായികരിക്കുന്നത് അധ്യാപിക തൃപ്തത്യാഗി തുടരുകയാണ്. പ്രവൃത്തിയിൽ താൻ ലജ്ജിക്കുന്നില്ലെന്നും സ്‌കൂളിലെ കുട്ടികളെ നിയന്ത്രിക്കുന്നത് പ്രധാനമാണെന്നും അധ്യാപിക വ്യക്തമാക്കി. സംഭവത്തിൽ തൃപ്ത ത്യാഗിയെ പൊലീസ് ചോദ്യം ചെയ്‌തേക്കും. അധ്യാപികയുടെ അറസ്റ്റിനും സാധ്യതയുണ്ട്. തൃപ്തക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകും എന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി എങ്കിലും നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്.