തമിഴ് നടൻ ആർ.എസ് ശിവജി അന്തരിച്ചു

 | 
R S SHIVAJI

തമിഴ് നടൻ ആർ.എസ് ശിവജി അന്തരിച്ചു. 66 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. 

അപൂർവ സഗോദരങ്ങൾ, മൈക്കിൾ മദന കാമ രാജൻ, അൻബേ സിവം, ഉന്നൈ പോൽ ഒരുവൻ എന്നിങ്ങനെ 1980 കളിലും 1990 കളിലും കോളിവുഡിൽ നിറഞ്ഞുനിന്ന താരമായിരുന്നു ആർഎസ് ശിവജി. പുതിയ കാല നടന്മാരുമൊത്തും ശിവജി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ധാരാള പ്രഭു, സുരറൈ പോട്ര്, കോലമാവ് കോകില, ഗാർഗി എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടേയും ഭാഗമായി അദ്ദേഹം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ ആണ് ആർ.എസ് ശിവജിയുടെ ഒടുവിലായി പുറത്തിറങ്ങിയ മൾട്ടി സ്റ്റാറർ ചിത്രം. കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ യോഗി ബാബു കേന്ദ്ര കഥാപാത്രത്തിലെത്തിയ ‘ലക്കി മാനാണ്’ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.

സഹസംവിധായകനായും, സൗണ്ട് ഡിസൈനറായും, ലൈൻ പ്രൊഡ്യൂസറായുമെല്ലാം പ്രവർത്തിച്ചിട്ടുണ്ട് ആർ.എസ് ശിവജി. പ്രമുഖ നടനും സംവിധായകനുമായ സന്താന ഭാരതി സഹോദരനാണ്. പിതാവ് എംആർ സന്താനം നടനും നിർമാതാവുമാണ്.