റബ്ബറിന് 300 രൂപയാക്കിയാല്‍ ബിജെപിയെ തെരഞ്ഞെടുപ്പില്‍ സഹായിക്കാമെന്ന് തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

 | 
joseph

റബ്ബറിന് വില 300 രൂപയാക്കിയാല്‍ ബിജെപിയെ തെരഞ്ഞെടുപ്പില്‍ സഹായിക്കാമെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കണ്ണൂര്‍ ആലക്കോട് വെച്ച് നടന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയിലാണ് ബിഷപ്പ് ബിജെപി അനുകൂല പ്രസ്താവന നടത്തിയത്. കേരളത്തില്‍ നിന്ന് ബിജെപിക്ക് എംപിയില്ലെന്ന വിഷമം മാറ്റിത്തരാമെന്നും ബിഷപ്പ് പറഞ്ഞു. 

റബ്ബറിന് വിലയില്ല, വിലത്തകര്‍ച്ചയാണ്. ആരാ ഉത്തരവാദി, ആരും ഉത്തരവാദികളല്ല. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ വിചാരിച്ചാല്‍ റബ്ബറിന്റെ വില 250 രൂപയാക്കാന്‍ കഴിയും. തിരഞ്ഞെടുപ്പില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വിലയില്ല എന്ന സത്യമോര്‍ക്കുക. നമുക്ക് കേന്ദ്രസര്‍ക്കാരിനോട് പറയാം, നിങ്ങളുടെ പാര്‍ട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങള്‍ നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കാം, നിങ്ങള്‍ വില 300 രൂപയായി പ്രഖ്യാപിച്ച് കര്‍ഷകരില്‍ നിന്ന് റബ്ബര്‍ എടുക്കുക. നിങ്ങള്‍ക്ക് ഒരു എം.പി. പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം എന്നാണ് ബിഷപ്പ് പറഞ്ഞത്. 

കെ എം മാണി ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ റബ്ബറിന് 150 രൂപ താങ്ങുവില അനുവദിച്ചിരുന്നു. ഇത് 250 രൂപയാക്കുമെന്നാണ് 2021ലെ പ്രകടന പത്രികയില്‍ എല്‍ഡിഎഫ് വാഗ്ദാനം ചെയ്തത്. അത് നടപ്പായില്ല. ഈ സാഹചര്യത്തിലാണ് ബിഷപ്പിന്റെ പ്രസ്താവന.