അരിക്കൊമ്പനെ പിടികൂടുന്നത് ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ല; പരിഹാരം കോളനിക്കാരെ മാറ്റിപ്പാര്‍പ്പിക്കുന്നതെന്ന് ഹൈക്കോടതി

 | 
arikompan

അരിക്കൊമ്പനെ മയക്കുവെടി വെച്ച് കൂട്ടിലടയ്ക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ മറ്റു വഴികളുണ്ടോയെന്ന് വനംവകുപ്പിനോട് കോടതി ചോദിച്ചു. ഇതോടെ മിഷന്‍ അരിക്കൊമ്പന്‍ വൈകിയേക്കും. 

ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും കോടതി ചോദിച്ചു. 301 കോളനിയിലെ നിവാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്നും വനംവകുപ്പും ചൂണ്ടിക്കാണിച്ചു. ആനയെ പിടികൂടി റേഡിയോ കോളര്‍ ധരിപ്പിച്ച് ഉള്‍വനത്തിലേക്ക് മാറ്റുന്നതും ജി.എസ്.എം. കോളര്‍ ഘടിപ്പിച്ച് ആനയുടെ സഞ്ചാരം നിരീക്ഷിക്കുക എന്നതും പ്രായോഗികമല്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. 

അരിക്കൊമ്പന്റെ ശല്യം എല്ലാ കോളനിയിലും ഉണ്ടോയെന്ന് കോടതി ചോദിച്ചു. ശല്യമുണ്ടെന്നായിരുന്നു വനംവകുപ്പിന്റെ മറുപടി. എല്ലാ ആനകളേയും പിടികൂടി കൂട്ടിലടയ്ക്കാന്‍ സാധിക്കില്ല. ഇന്ന് അരിക്കൊമ്പനാണെങ്കില്‍ നാളെ മറ്റൊരു കൊമ്പന്‍ വരുമെന്നും കോടതി പറഞ്ഞു.