നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; യുവതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
എറണാകുളം പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. യുവതി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തിയാണ് മജിസ്‌ട്രേട്ട് റിമാൻഡ് നടപടികൾ സ്വീകരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടിലെ ശൗചാലയത്തിൽ രഹസ്യമായി പ്രസവിച്ച യുവതി കുഞ്ഞിനെ കൊലപ്പെടുത്തി ബാൽക്കണിയിൽനിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.
റിമാൻഡിലായെങ്കിലും യുവതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഉടൻ കസ്റ്റഡിയിൽ വാങ്ങില്ലെന്ന് പോലീസ് അറിയിച്ചു. ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ കസ്റ്റഡി ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങൂവെന്നും നിലവിൽ യുവതിയ്‌ക്കെതിരേ മാത്രമാണ് കേസെടുത്തിരിക്കുന്നതെന്നും സൗത്ത് എസ്.ഐ. പ്രദീപ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
യുവതി അതിജീവിതയാണെന്നാണ് അറസ്റ്റ് ചെയ്ത ഉടനേ പോലീസ് പറഞ്ഞിരുന്നത്. എന്നാൽ, യുവതിയ്ക്ക് നേരത്തേ പരിചയമുണ്ടായിരുന്നയാളാണ് യുവാവെന്നും ഇയാൾക്കെതിരേ നിലവിൽ യുവതി മൊഴി നൽകിയിട്ടില്ലെന്നുമാണ് സൂചന. ഇക്കാര്യത്തിൽ ഉൾപ്പെടെ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദർ അറിയിച്ചു.
അതിനിടെ, യുവതി പോലീസിന് നൽകിയ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗർഭിണിയാണെന്ന് അറിഞ്ഞ ഉടനേ ഗർഭഛിദ്രം നടത്താൻ ശ്രമിച്ചിരുന്നു. എന്നാലിത് ഫലം കണ്ടില്ല. കുഞ്ഞിനെ ഒഴിവാക്കാനുള്ള മാർഗങ്ങൾ ഇന്റർനെറ്റിൽ തിരഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞതായാണ് സൂചന. ഇക്കാര്യങ്ങൾ യുവതിയുടെ ഫോൺ പരിശോധിച്ച് സ്ഥിരീകരിക്കാനാണ് പോലീസിന്റെ നീക്കം.