മുഹമ്മദ് ഫൈസലിനെതിരായ കുറ്റം ഗുരുതരം; പരാതിക്കാരന് പതിനാറ് പരിക്കുകള്‍ ഉണ്ടായിരുന്നെന്ന് സുപ്രീം കോടതി
ലക്ഷദ്വീപ് എംപിയും എന്‍സിപി നേതാവുമായ മുഹമ്മദ് ഫൈസലിനെതിരായ കുറ്റം ഗുരുതരമെന്ന് സുപ്രീം കോടതി. ഫൈസലിനെതിരായ വിധി സ്റ്റേ ചെയ്ത കേരള ഹൈക്കോടതി നടപടിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കെ എം ജോസഫിന്റെ പരാമര്‍ശം. ഫൈസലിനെതിരെ പരാതി നല്‍കിയയാള്‍ക്ക് പതിനാറ് പരിക്കുകളുണ്ടായിരുന്നു. സമയത്ത് ചികിത്സ ലഭിച്ചില്ലായിരുന്നെങ്കില്‍ മരണം സംഭവിക്കാനിടയുണ്ടായിരുന്നതായി ഡോക്ടര്‍ മൊഴി നല്‍കിയിരുന്നതായും അപൂര്‍വ്വ സാഹചര്യങ്ങളിലേ വിധി സ്റ്റേ ചെയ്യാനാകൂ എന്നും കോടതി പറഞ്ഞു.
2009ല്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസില്‍ ജനുവരി 11നാണ് ഫൈസലിനെ കവരത്തി സെഷന്‍സ് കോടതി 10 വര്‍ഷം തടവിന് വിധിച്ചത്. കോണ്‍ഗ്രസ് മുന്‍എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന പി എം സയ്യിദിന്റെ മരുമകന്‍ മുഹമ്മദ് സാലിയെ തെരഞ്ഞെടുപ്പു സമയത്ത് മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. ഫൈസല്‍ ഉള്‍പ്പെടെ നാലു പേരായിരുന്നു പ്രതികള്‍. വിധിക്ക് തൊട്ടു പിന്നാലെ എംപിയെയും മറ്റു പ്രതികളെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരുന്നു.
തൊട്ടടുത്ത ദിവസം തന്നെ ലോക്‌സഭാ സെക്രട്ടറിയേറ്റ് ഫൈസലിനെ അയോഗ്യനാക്കുകയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതി വിധി റദ്ദാക്കിയതോടെ ഉപതെരഞ്ഞെടുപ്പു നടത്താനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പക്ഷേ, ഹൈക്കോടതി വിധി വന്ന രണ്ടു മാസമായിട്ടും അയോഗ്യത നീക്കാന്‍ ലോക്‌സഭാ സെക്രട്ടറിയേറ്റ് തയ്യാറായിരുന്നില്ല.
ഇതേത്തുടര്‍ന്ന് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസും ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ അടിയന്തര ഉത്തരവിറക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് ഫൈസലിന്റെ അയോഗ്യത റദ്ദാക്കിയിരുന്നു. ഇന്നു രാവിലെയാണ് ഇതു സംബന്ധിച്ച് ഉത്തരവിറങ്ങിയത്.