മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം തന്റെ കാറിൽ മനഃപൂർവം ഇടിച്ചുതെറിപ്പിച്ചു; പരാതിയുമായി നടൻ കൃഷ്ണകുമാർ

 | 
krishnakumar

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം തന്റെ കാറിൽ മനഃപൂർവ്വം ഇടിച്ചുതെറിപ്പിച്ചെന്ന പരാതിയുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. വാഹനത്തിലുണ്ടായിരുന്ന പൊലീസ് അപമര്യാദയായി പെരുമാറിയതായും കൃഷ്ണകുമാർ ആരോപിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോഴായിരുന്നു സംഭവം. പന്തളത്തിനടുത്തെത്തിയപ്പോഴാണ് സംഭവമെന്ന് കൃഷ്ണകുമാർ  പറഞ്ഞു.

'പൊലീസ് വാഹനം വരുമ്പോൾ സ്ഥലം ഉണ്ടെങ്കിലേ മാറ്റികൊടുക്കാൻ പറ്റൂ. വണ്ടി തൂക്കി മാറ്റാൻ കഴിയില്ലല്ലോ. കുറച്ച് മുന്നോട്ട് പോയി ഒതുങ്ങി കൊടുക്കാം എന്ന് കരുതുമ്പോഴേക്ക് വണ്ടി വന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാരണം, കാറിനകത്തെ ബിജെപി കൊടി കണ്ട് അസഹിഷ്ണുതയാണ്.' കൃഷ്ണകുമാർ പറഞ്ഞു.

അവർ ചീത്ത വിളിക്കുമ്പോൾ തിരിച്ച് വിളിക്കാൻ അറിയാഞ്ഞിട്ടല്ല, പേടിയുമില്ല. യൂണിഫോമിലുള്ളവരോട് അപമര്യാദയായി പെരുമാറരുതെന്ന് സർവ്വീസിലുണ്ടായിരുന്ന അച്ഛൻ പറഞ്ഞിട്ടുണ്ട്. പൊലീസ് ഫോഴ്‌സിന് തന്നെ ചീത്തപ്പേരുണ്ടാക്കുന്ന, ഇത്തരം കാക്കിക്കുള്ളിലെ കാപാലികന്മാരുണ്ട്. ഗുണ്ടകളാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയമായി എതിർക്കാം. പക്ഷേ ഇത്തരം ഗുണ്ടാ പ്രവർത്തികളും അപായപ്പെടുത്താൻ ശ്രമിക്കുന്ന പരിപാടികളും ഒരിക്കലും നിലനിൽക്കില്ല. ഇത് പാർട്ടികളുടെ തന്നെ അന്ത്യം കുറിക്കാൻ പോകുന്ന നടപടികളുടെ തുടക്കമാണെന്നും കൃഷ്ണകുമാർ പറഞ്ഞു.