മാസപ്പടി വിവാദം; വിശദീകരണവുമായി മാത്യു കുഴൽനാടൻ
മാസപ്പടി വിവാദത്തിൽ വിശദീകരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. സർക്കാരിനെതിരായ പോരാട്ടത്തിന് വലിയ ജനപിന്തുണ ലഭിച്ചെന്നും താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചില്ലെന്നും പകരം ആരോപണം ഉന്നയിക്കുന്നെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
2014ൽ തുടങ്ങിയ എക്‌സാ ലോജിക് പ്രവർത്തനരഹിതമാണെന്നും പ്രവർത്തിക്കാത്ത കമ്പനിക്ക് ധനസഹായം എങ്ങനെ ലഭിച്ചെന്ന് അദ്ദേഹം ചോദിച്ചു. കമ്പനി വാങ്ങിച്ച പണം സേവനത്തിനായി ലഭിച്ചതല്ലെന്നും അധികാരസ്ഥാനത്തിരിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതിനായി നൽകിയതാണെന്നും അദ്ദേഹം പറഞ്ഞു.
വീണയുടെ കമ്പനി സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. വീണയുടെ കമ്പനിയുടെ കണക്കുകൾ നിരത്തിയായിരുന്നു എംഎൽഎയുടെ ആരോപണങ്ങൾ. 42 ലക്ഷം രൂപ അധികമായി സിഎംആർഎല്ലിൽ നിന്ന് വാങ്ങിയതിന് രേഖകളുണ്ടെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. കൂടാതെ ഈ കമ്പനിയുടെ ഉടമയുടെ ഭാര്യയുടെ കമ്പനിയിൽ നിന്നും പണം വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.