പ്രതിപക്ഷ സഖ്യത്തിന്റെ പേര് BHARAT എന്നാക്കി മാറ്റാം, ബിജെപി ഈ കളി അവസാനിപ്പിക്കുമോ? പരിഹാസവുമായി ശശി തരൂര്‍
രാജ്യത്തിന്റെ പേരു മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് എഐസിസി വര്‍ക്കിംഗ് കമ്മിറ്റിയംഗം ശശി തരൂര്‍. പ്രതിപക്ഷ സഖ്യത്തിന്റെ പേര് BHARAT (അലൈന്‍സ് ഓഫ് ബെറ്റര്‍മെന്റ് ഹാര്‍മണി ആന്‍ഡ് റെസ്പോണ്‍സിബിള്‍ അഡ്വാന്‍സ്മെന്റ് ഫോര്‍ ടുമാറോ) എന്നാക്കി മാറ്റാമെന്ന് തരൂര്‍ പറഞ്ഞു. അങ്ങനെ മാറ്റിയാല്‍ ഈ പേരുമാറ്റല്‍ കളി ബിജെപി അവസാനിപ്പിച്ചേക്കുമെന്ന് എക്‌സില്‍ അദ്ദേഹം കുറിച്ചു. കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഇതേ ചോദ്യം നേരത്തേ ചോദിച്ചിരുന്നു.
We could of course call ourselves the Alliance for Betterment, Harmony And Responsible Advancement for Tomorrow (BHARAT).
— Shashi Tharoor (@ShashiTharoor) September 6, 2023
Then perhaps the ruling party might stop this fatuous game of changing names.
ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് അത്താഴവിരുന്നിനായുള്ള രാഷ്ട്രപതിയുടെ ക്ഷണക്കത്തില്‍ ഇന്ത്യക്കുപകരം ഭാരതം എന്ന് ഉപയോഗിച്ചതിന് പിന്നാലെയാണ് രാജ്യത്തിന്റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഉച്ചകോടി ആരംഭിക്കുന്ന ശനിയാഴ്ചത്തെ വിരുന്നില്‍ പങ്കെടുക്കാന്‍ അതിഥികള്‍ക്കായി അയച്ച ക്ഷണക്കത്തില്‍ സാധാരണ ഉപയോഗിക്കുന്ന 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിനുപകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി ഭവന്‍ വിശേഷിപ്പിച്ചത്.