പുതിയ എസ്.എഫ്.ഐക്കാർക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർഥമറിയില്ല; രൂക്ഷ വിമർശനവുനായി ബിനോയ് വിശ്വം

 | 
binoy viswam

എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുതിയ എസ്.എഫ്.ഐക്കാർക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർഥവും അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴവുമറിയില്ലെന്നും ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല എസ്.എഫ്.ഐയുടേതെന്നും അദ്ദേഹം വിമർശിച്ചു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാകൃതമായ സംസ്കാരം എസ്.എഫ്.ഐയ്ക്ക് നിരക്കുന്നതല്ല. എസ്.എഫ്.ഐ. ശൈലി തിരുത്തിയേ തീരൂ. സംഘടനയിലുള്ളവർ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം. അവരെ ചരിത്രം പഠിപ്പിക്കണം. പഠിപ്പിച്ചില്ലെങ്കിൽ എസ്.എഫ്.ഐ. ഇടതുപക്ഷത്തിനു ബാധ്യതയായിമാറും. നേരായവഴിക്ക് നയിച്ച് ഇടതുപക്ഷത്തിന്റെ ശക്തിയാക്കി മാറ്റണം. അവരുടെ വഴി ഇതല്ലെന്ന് ബോധ്യമാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

കൊയിലാണ്ടി ഗുരുദേവ കോളേജിൽ പ്രിൻസിപ്പലിനെയും അധ്യാപകനെയും എസ്.എഫ്.ഐ. പ്രവർത്തകർ മർദിച്ച സംഭവം വലിയ വിവാദമാകുകയും സംഘടനയുടെ പ്രവർത്തനരീതിക്കെതിരേ വലിയ വിമർശനം ഉയരുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വത്തിൻറെ വിമർശനം.

ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ. ഹെൽപ്ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. തർക്കത്തിനിടെ എസ്.എഫ്.ഐ. പ്രവർത്തകർ പ്രിൻസിപ്പലിനെ കയ്യേറ്റംചെയ്തെന്നും മർദിച്ചെന്നുമാണ് പരാതി. അതേസമയം, പ്രിൻസിപ്പൽ എസ്.എഫ്.ഐ. ഏരിയ പ്രസിഡന്റായ അഭിനവിനെ മർദിച്ചെന്നാണ് എസ്.എഫ്.ഐക്കാരുടെ ആരോപണം.