സപ്ലൈകോ ജനോപകാരപ്രദമല്ല എന്ന് വരുത്തി തീർക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു; മുഖ്യ മന്ത്രി

 | 
pinarayi vijayan

സപ്ലൈകോയ്ക്ക് എതിരെ പ്രതിപക്ഷം കുപ്രചരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് കടയിലും ചില സാധനങ്ങൾ ഇല്ലാതായി എന്നു വരാം. സപ്ലൈകോ ജനോപകാരപ്രദമല്ല എന്ന് വരുത്തി തീർക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. സപ്ലൈകോ ഓണം ഫെസ്റ്റിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യ മന്ത്രി.


സബ്‌സിഡി സാധനങ്ങൾ സപ്ലൈകോയിൽ കിട്ടാനില്ലെന്ന പരാതിയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 2016 മുതൽ 13 ഇനങ്ങൾക്ക് ഒരേ വിലയാണ് ഈടാക്കുന്നത്. ഇതറിയാമെങ്കിലും തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിലക്കയറ്റ തോത് ദേശീയ ശരാശരിയെക്കാൾ താഴ്ന്ന നിലയിൽ നിർത്താൻ കേരളത്തിന് കഴിഞ്ഞു. വലിയ തോതിൽ ഉൽപ്പനങ്ങളുടെ ഡിമാൻഡ് ഉയരുന്നുണ്ട്. ഇതിനനുസരിച്ച് വിതരണം കൂട്ടാൻ സർക്കാർ തയ്യാറാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓണം ഫെസ്റ്റിന്റെ ഭാഗമായുള്ള സപ്ലൈകോ ഓണം ഫെയർ നാളെ മുതൽ 14 ജില്ലകളിലും പ്രവർത്തനം തുടങ്ങും. സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ പുതുതായി അഞ്ച് ശബരി ഉത്പന്നങ്ങളും വിപണിയിൽ ഇറക്കി.