നാല് പേരുടെ കാലാവധി പൂർത്തിയായി; രാജ്യസഭയിലും ബിജെപിക്ക് അം​ഗബലം കുറയുന്നു

 | 
Rajyasabha

നാമനിർദേശം ചെയ്യപ്പെട്ട നാല് അംഗങ്ങളുടെ കാലാവധി പൂർത്തിയായതോടെ രാജ്യസഭയിൽ എൻ.ഡി.എയുടെ അംഗസംഖ്യ കുറഞ്ഞു. രാകേഷ് സിൻഹ, രാം ഷകൽ, സൊനാൽ മാൻസിങ്, മഹേഷ് ജേഠ്മലാനി എന്നിവരുടെ കാലാവധിയാണ് ശനിയാഴ്ച പൂർത്തിയായത്.

നാല് അംഗങ്ങളുടെ കാലാവധി പൂർത്തിയായതോടെ രാജ്യസഭയിലെ ബി.ജെ.പിയുടെ അംഗസംഖ്യ 86 ആയും ബി.ജെ.പി. നയിക്കുന്ന എൻ.ഡി.എ. മുന്നണിയുടെ അംഗസംഖ്യ 101 ആയും കുറഞ്ഞു. രാജ്യസഭയിൽ ബില്ലുകൾ പാസാക്കാൻ 12 അംഗങ്ങളുടെ കുറവാണ് ഇപ്പോൾ എൻ.ഡി.എയ്ക്കുള്ളത്. 245 അംഗങ്ങളുള്ള രാജ്യസഭയിൽ നിലവിൽ 113 ആണ് ബില്ലുകൾ പാസാക്കാനാവശ്യമായ കേവലഭൂരിപക്ഷം. നിലവിൽ 225 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിക്ക് 87 അംഗങ്ങളാണുള്ളത്. ഇതിൽ 26 പേർ കോൺഗ്രസിൽ നിന്നും 13 പേർ തൃണമൂൽ കോൺഗ്രസുമാണ്. ആം ആദ്മി പാർട്ടി, ഡി.എം.കെ. എന്നീ പാർട്ടികൾക്ക് 10 വീതം അംഗങ്ങളും രാജ്യസഭയിലുണ്ട്. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ ബി.ആർ.എസ് ഉൾപ്പെടെ ബി.ജെ.പിയുമായോ കോൺഗ്രസുമായോ സഖ്യത്തിലില്ലാത്ത പാർട്ടികളുടെ അംഗങ്ങളും നാമനിർദേശം ചെയ്യപ്പെട്ടവരും സ്വതന്ത്രരുമാണ് ബാക്കിയുള്ളവർ.

കേവലഭൂരിപക്ഷമില്ലെങ്കിലും രാജ്യസഭയിൽ ബില്ലുകൾ പാസാക്കാനുള്ള സാധ്യത ബി.ജെ.പിക്ക് മുന്നിൽ ഇനിയുമുണ്ട്. ഒരുസഖ്യത്തിലുമില്ലാത്ത പാർട്ടികളെ ഒപ്പം കൂട്ടുക മാത്രമാണ് ബി.ജെ.പിക്ക് മുന്നിലുള്ള ഏകമാർഗം. തമിഴ്‌നാട്ടിലെ മുൻ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ, ആന്ധ്രപ്രദേശിലെ ജഗൻ മോഹന്റെ വൈ.എസ്.ആർ. കോൺഗ്രസ് എന്നിവ ഉൾപ്പെടെയുള്ള പാർട്ടികളെ ഒപ്പം നിർത്താൻ കഴിഞ്ഞാൽ ബി.ജെ.പിക്ക് ബില്ലുകൾ രാജ്യസഭ കടത്താം. വൈ.എസ്.ആർ. കോൺഗ്രസിന് 11 അംഗങ്ങളും എ.ഐ.എ.ഡി.എം.കെയ്ക്ക് 4 അംഗങ്ങളുമാണ് രാജ്യസഭയിലുള്ളത്.