യുപിയില്‍ മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു; മൂന്നു ദിവസത്തിനിടെ ബിജെപി വിട്ടത് 9 എംഎല്‍എമാര്‍

 | 
UP Minister

തെരഞ്ഞെടുപ്പ് അടുത്ത യുപിയില്‍ ബിജെപിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു കൊണ്ട് വീണ്ടും രാജി. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ ആയുഷ് വകുപ്പ് മന്ത്രി ധരം സിംഗ് സൈനിയാണ് രാജിവെച്ചത്. മൂന്നാമത്തെ മന്ത്രിയാണ് യോഗി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് മന്ത്രിമാരുടെ രാജി. ഫിറോസാബാദ് എംഎല്‍എ മുകേഷ് വര്‍മ ഇന്ന് രാവിലെ രാജി വെച്ചിരുന്നു. മറ്റൊരു എംഎല്‍എയായ വിനയ് ശാക്യയും ഇന്ന് രാജി നല്‍കും. 

മന്ത്രിമാരുള്‍പ്പെടെ 9 എംഎല്‍എമാരാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജിവെച്ച് ബിജെപിയില്‍ നിന്ന് പുറത്തു പോയിരിക്കുന്നത്. സ്വാമിപ്രസാദ് മൗര്യ, ദാരാ സിംഗ് ചൗഹാന്‍ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജിവെച്ച മന്ത്രിമാര്‍. ആദ്യം രാജി നല്‍കിയ മൗര്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് രാജിവെച്ച മറ്റുള്ളവര്‍.

പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളാണ് ബിജെപി വിടുന്നത്. ദളിത് പിന്നാക്ക വിഭാഗങ്ങളോടും തൊഴില്‍ രഹിതരായവരോടും പാര്‍ശ്വവല്‍കൃതരോടും ബിജെപിയും യോഗി സര്‍ക്കാരും അവഗണന കാണിക്കുന്നുവെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ബിജെപി വിടുന്നവര്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയിലാണ് ചേരുന്നത്.