തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള മാറ്റിവെച്ചു

 | 
IFFK

കേരള രാജ്യാന്തര ചലച്ചിത്രമേള, ഐഎഫ്എഫ്‌കെ മാറ്റിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുപത്തിയാറാമത് ചലച്ചിത്രമേള മാറ്റിവെച്ചത്. ഫെബ്രുവരി 4 മുതല്‍ ഒരാഴ്ച മേള നടത്താനായിരുന്നു പദ്ധതി. കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച ഐഡിഎസ്എഫ്‌കെ ഡിസംബറില്‍ നടത്തിയിരുന്നു. 

ചലച്ചിത്രമേള പ്രതിനിധികളുടെ എണ്ണം പരമാവധി കുറച്ച് നടത്താന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. അതേസമയം മേള ഉപേക്ഷിച്ചിട്ടില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മേള തിരുവന്തപുരത്തു തന്നെ നടത്താനാണ് ഉദ്ദേശിക്കുന്നത്. 

കോവിഡ് രൂക്ഷമായതിനാല്‍ 2020 ഡിസംബറില്‍ മേള നടത്തിയിരുന്നില്ല. പിന്നീട് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി നടത്തുകയായിരുന്നു. 2021 ഡിസംബറില്‍ നടത്താനിരുന്ന മേളയാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തുന്നത്. ഇത് ഒരു വേദിയില്‍ മാത്രമായി നടത്താനാണ് തീരുമാനം.