ജൂൺ ആദ്യ വാരം വരെ നെടുമ്പാശേരിയിൽ എത്തുന്നവർ യാത്ര നേരത്തേയാക്കണം; മുന്നറിയിപ്പ് നൽകി വിമാനത്താവള അധികൃതർ

 | 
Nedumbassery

ആലുവ മംഗലപ്പുഴ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂൺ ആദ്യ ആഴ്ച വരെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരുന്നവർ യാത്ര സൗകര്യപ്രദമായി ക്രമീകരിക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. എറണാകുളം ജില്ലയുടെ തെക്ക് ഭാഗത്തു നിന്ന് വിമാനത്താവളത്തിലേക്ക് വരുന്നവർക്കാണ് മുന്നറിയിപ്പ്.

അറ്റകുറ്റപ്പണിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ കാലടിയിൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. എംസി റോഡിൽ കാലടിയിലും മറ്റൂരിലും പലപ്പോഴും വാഹനങ്ങൾ കെട്ടിക്കിടക്കുകയായിരുന്നു. ഇതേ തുടർന്ന് എംസി റോഡിൽ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു. മംഗലപ്പുഴ പാലം ബലപ്പെടുത്തൽ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ ഭാര വാഹനങ്ങൾ കാലടി, പെരുമ്പാവൂർ വഴി തിരിച്ചു വിടുകയാണ്. ഇതു പൊതുവേ ഗതാഗതക്കുരുക്കുള്ള കാലടിയിലൂടെയുള്ള ഗതാഗതം സ്തംഭിപ്പിച്ചു. ഈ സാഹചര്യത്തിലാണ് യാത്രക്കാർക്ക് വിമാനത്താവള അധിക‍തർ മുന്നറിയിപ്പ് നൽകിയത്.