സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കാർഷിക മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് വ്യക്തത ഉണ്ടാവില്ല; ഇ പി ജയരാജൻ

 | 
e p jayarajan


തിരുവനന്തപുരം: സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കാർഷിക മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് വ്യക്തത ഉണ്ടാവില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർ കാര്യങ്ങൾ കുറച്ചുകൂടി മനസിലാക്കി വേണം പ്രതികരിക്കാൻ. കാര്യങ്ങൾ പുറത്തു വന്നതിനാൽ എല്ലാവർക്കും ഇപ്പോൾ വ്യക്തത വന്നിട്ടുണ്ടാകുമെന്നും ജയരാജൻ പറഞ്ഞു. കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ കാർഷികോത്സവ വേദിയിൽ വെച്ച് ജയസൂര്യ നെൽ കർഷകർക്ക് സംഭരണ തുക നൽകാത്തതിൽ സർക്കാരിനെ വിമർശിച്ചിരുന്നത് ഏറെ വിവാദങ്ങൾക്ക് സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഇ പി ജയരാജൻ്റെ പ്രതികരണം.

നെൽ കർഷകർക്ക് പണം കൊടുക്കുന്നതിൽ കാലതാമസം വന്നിട്ടുണ്ട്. അതിന്റെ യഥാർത്ഥ കാരണം മനസിലാക്കി വേണം പ്രതികരിക്കാനെന്ന് യുഡിഎഫിനെ ഉന്നം വെച്ച് ഇ പി ജയരാജൻ പറഞ്ഞു. ഓണക്കാലത്ത് സർക്കാർ പരമാവധി സഹായിച്ചിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.

യുഡിഎഫ് ഏത് വികസന പദ്ധതിയെ ആണ് അനുകൂലിച്ചിട്ടുള്ളത്. നാടിന്റെയും, ജനങ്ങളുടെയും ആവശ്യങ്ങൾക്കനുസരിച്ച് നാട് വളരണം. നശീകരണ വാസനയും, ചിന്തയുമായി പ്രവർത്തിക്കുന്നവരാണ് യുഡിഎഫ്. സർക്കാർ പ്രവർത്തനങ്ങളെ അലങ്കോലപ്പെടുത്താൻ അല്ലേ ശ്രമം നടത്തിയിരുന്നതെന്നും ജയരാജൻ ചോദിച്ചു. മാത്യു കുഴൽനാടൻ എ കെ ആന്റണിയോട് ചോദിച്ചാൽ എകെജി സെന്ററിന്റെ ഭൂമിയെ കുറിച്ച് കാര്യങ്ങൾ വ്യക്തത വരുമെന്നും പുതുപ്പള്ളി തിരഞ്ഞെടുപ്പ് സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാക്കുന്നതിൽ സന്തോഷമേ  ഉള്ളുവെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാർ പാർലമെൻറ് പ്രത്യേക സമ്മേളനം വിളിച്ചതിലും ഇ പി ജയരാജൻ പ്രതികരിച്ചു. പാർലമെന്റ് സമ്മേളനത്തിൽ ജനാധിപത്യപരമായ കീഴ്വഴക്കം കേന്ദ്രം പാലിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന് ദുരുദ്ദേശ്യം ഉണ്ടോ എന്ന് സംശയിച്ചാൽ കുറ്റം പറയാനാവില്ല. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ സിപിഐഎം നേതൃത്വം നിലപാട് വ്യക്തമാക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.