ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് മൂന്നു പേരെ കാറിൽ തട്ടിക്കൊണ്ടുപോയി; രണ്ടു പേർ കസ്റ്റഡിയിൽ, കാർ ഉപേക്ഷിച്ച നിലയിൽ
ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെ 7.10-നാണ് സംഭവം. ആഡംബര കാറിലെത്തിയ നാലംഗസംഘം മൂന്ന് യുവാക്കളെ മർദിച്ച് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പോലീസിനെ അറിയിച്ചു. ആലുവ പോലീസ് അന്വേഷണം ആരംഭിച്ചു.
സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് സംഭവം സ്ഥിരീകരിച്ചു. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടാണെന്ന് പോലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചെന്ന് കരുതുന്ന ചുവപ്പ് നിറത്തിലുള്ള കാർ തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്ത് ഉപേക്ഷിച്ച് ഏഴംഗ സംഘം കടന്നുകളഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണിത്.
പോലീസ് പിന്തുടർന്നതിനെ തുടർന്നാണ് കണിയാപുരം വാടകയിൽമുക്കിൽ എത്തിയ സംഘം കായൽ തീരത്തോട് ചേർന്ന പുരയിടത്തിൽ കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. പുരയിടത്തിന്റെ മതിൽ ചാടിയാണ് സംഘം രക്ഷപ്പെട്ടത്. സംഘത്തിലെ രണ്ടുപേർ പള്ളിനടയിലെത്തി ഓട്ടോയിൽ പള്ളിത്തുറയിൽ ഇറങ്ങിയശേഷം രക്ഷപ്പെട്ടു. ഓട്ടോചാർജ് യു.പി.ഐ. വഴിയാണ് കൊടുത്തത്. പോലീസ് ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു.
യു.പി.ഐ.യുടെ ട്രാൻസാക്ഷൻ ഐഡിയും ഫോൺ നമ്പറും പോലീസ് കണ്ടെത്തി. ഇതേ ഫോൺനമ്പറിൽ നിന്നും അട്ടക്കുളങ്ങരയിൽ ജ്യൂസ് കടയിൽനിന്നും സംഘം ജ്യൂസ് കുടിച്ചതിന്റെ ബില്ലും കണ്ടെത്തി. കൂടാതെ പാപ്പനംകോട്ട് നിന്നും കാറിന് കാറ്റടിക്കുന്ന എയർ പമ്പ് വാങ്ങിയതായും കണ്ടെത്തി. സംഭവമറിഞ്ഞ് തിരുവനന്തപുരം റൂറൽ ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക്, വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി വാഹനം പരിശോധിച്ചു.
കാർ പത്തനംതിട്ടയിൽ നിന്നും വാടകയ്ക്ക് എടുത്തതാണെന്ന് പോലീസ് കണ്ടെത്തി. പത്തനംതിട്ട എ.ആർ.ക്യാമ്പിലെ എ. എസ്. ഐ. സുരേഷ് ബാബുവാണ് കാർ വാടകയ്ക്ക് എടുത്തത്. ഗൾഫിൽ നിന്ന് വരുന്ന സുഹൃത്തിനു വേണ്ടിയാണ് കാർ വാടകയ്ക്ക് എടുത്തതെന്ന് സുരേഷ് ബാബു പറഞ്ഞു. കാർ എങ്ങനെ തട്ടിക്കൊണ്ടുപോകൽ നടത്തിയവരുടെ കൈയിൽ കിട്ടിയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. സുരേഷ് ബാബു കഠിനംകുളം പോലീസ് സ്റ്റേഷനിൽ എത്തി എസ്.പി.യ്ക്ക് മൊഴിനൽകിയിട്ടുണ്ട്. എന്നാൽ ആരെയാണ് തട്ടിക്കൊണ്ടുപോയത് എന്നുള്ള വിവരം പോലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല. ഉപേക്ഷിച്ച വാഹനം ആലുവ പോലീസിന് കൈമാറി.