ഇന്ന് ശ്രീനാരായണഗുരു ജയന്തി

 | 
SREENARAYANA GURU

ഇന്ന് ശ്രീനാരായണഗുരു ജയന്തി. നാടെങ്ങും മഹാ​ഗുരുവിന്റെ ജന്മദിനാഘോഷങ്ങളുടെ ചതയദിനം. വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ മലയാളിയെ ഉദ്‌ബോധിപ്പിച്ച ശ്രീനാരായണഗുരു കേരളത്തിന്റെ വിജ്ഞാന മണ്ഡലത്തിന്റെ നവോത്ഥാന സ്വഭാവത്തെ നിർണ്ണയിക്കുന്നതിലും പ്രധാനപങ്കു വഹിച്ചു. കേരളം സഞ്ചരിച്ച പുരോഗമന-നവോത്ഥാന ആശയങ്ങളുടെ വേരുകൾ അരുപ്പുറം പ്രതിഷ്ഠയിലേക്കെല്ലാം നീണ്ടെത്തുന്നുണ്ട്.  ജാതിമതചിന്തകൾക്കതീതമായ ഒരു സമൂഹത്തിനായി നിലകൊണ്ട ഗുരുവിന്റെ പ്രസക്തി മാറിയ പുതിയകാലത്തിൽ കൂടുതൽ കൂടുതൽ ശക്തിപ്പെടുകയാണ്. 

‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’, ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ തുടങ്ങിയ വിശ്വമാനവികതയിൽ അധിഷ്ഠിതമായ ദർശനങ്ങളെ മലയാളക്കരയിലെ സാധാരണ മനുഷ്യന്റെ മനസ്സിലേക്ക് പറിച്ചുനട്ട സാമൂഹികവിപ്ലവകാരിയായിരുന്നു ശ്രീനാരായണഗുരു. സാമൂഹിക , ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം സവർണ്ണമേധാവിത്വത്തിനും സമൂഹതിന്മകൾക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക് പുതിയമുഖം നൽകി. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്‌കർത്താവാണ് ശ്രീ നാരായണ ഗുരു. അന്നു കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു. 'അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം' എന്ന എക്കാലത്തും പ്രസക്തമായ ആശയപ്രപഞ്ചം സമ്മാനിച്ച മഹാനായിരുന്നു ശ്രീനാരായണഗുരു.