തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ വീണ്ടും ഭൂചലനം
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച പുലർച്ചെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച രാവിലെയുണ്ടായ ഭൂചലനത്തിന്റെ തുടർചലനമാണെന്ന വിവരമാണ് റവന്യൂ അധികൃതർ നൽകുന്നത്. ഞായറാഴ്ചയുണ്ടായ ഭൂചലനത്തിൽ തീവ്രത രേഖപ്പെടുത്തിയിട്ടില്ല.
കുന്നംകുളം, ഗുരുവായൂർ, കാട്ടകാമ്പാൽ, എരുമപ്പെട്ടി, ചൊവ്വന്നൂർ, വേലൂർ, കടവല്ലൂർ, പോർക്കുളം തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലാണ് ഞായറാഴ്ച പുലർച്ചെ 3.55-ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. വലിയ മുഴക്കവും വിറയലും ഉണ്ടായതായി നാട്ടുകാർ പറയുന്നു.
ശനിയാഴ്ച രാവിലെയുണ്ടായപ്പോൾ ഭൂരിഭാഗം പേർക്കും ചലനം അനുഭവപ്പെട്ടിരുന്നു. പുലർച്ചെയുണ്ടായ ചലനം പലരും അറിഞ്ഞിരുന്നില്ല. പരസ്പരം പറഞ്ഞാണ് ഭൂചലനമുണ്ടായത് ഭൂരിഭാഗം പേരും അറിഞ്ഞത്. പാവറട്ടി വെന്മേനാടാണ് കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായി രേഖപ്പെടുത്തിയിരുന്നത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ലാ റവന്യൂ അധികൃതർ പറയുന്നു. വീടുകൾക്കോ മറ്റോ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കണമെന്ന് റവന്യൂ അധികൃതരും തദ്ദേശ സ്ഥാപന മേധാവികളും അറിയിച്ചിട്ടുണ്ട്. തുടർച്ചയായുണ്ടാകുന്ന ഭൂചലനത്തിൽ ആശങ്കയിലാണ് നാട്ടുകാർ.