മലപ്പുറത്ത് പിതാവ് കൊലപ്പെടുത്തിയ രണ്ടര വയസുകാരി നേരിട്ടത് ക്രൂര പീഡനം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
മലപ്പുറം കാളികാവില്‍ പിതാവിന്റെ മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട രണ്ടരവയസ്സുകാരി നേരിട്ടത് ക്രൂരപീഡനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പിതാവ് കോന്തത്തൊടിക മുഹമ്മദ് ഫായിസ്(24) മിക്കദിവസങ്ങളിലും കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായാണ് വെളിപ്പെടുത്തല്‍. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ക്രൂരമര്‍ദനത്തിന്റെ തെളിവുകളുണ്ട്.
വാരിയെല്ലു തകര്‍ത്തതും തല അടിച്ചുപൊട്ടിച്ചതും ശരീരത്തിലേല്‍പ്പിച്ച ആഴത്തിലുള്ള മുറിവുമാണ് കുഞ്ഞിന്റെ മരണകാരണമായി പറയുന്നത്. വാരിയെല്ലുകള്‍ പൊട്ടി ശരീരത്തില്‍ തുളച്ചുകയറിയതും തലയിലെ ആന്തരിക മുറിവിലൂടെയുണ്ടായ രക്തസ്രാവവുമാണ് പെട്ടെന്നുള്ള മരണത്തിനു കാരണമായത്. നിരന്തരം മര്‍ദനമേറ്റിരുന്നതായും കണ്ടെത്തി. എഴുപതിലധികം മുറിവുകളാണ് കുഞ്ഞിന്റെ ശരീരത്തില്‍ കണ്ടത്. ശരീരത്തിലേല്‍പ്പിച്ച പല പരിക്കുകള്‍ക്കും പത്തുദിവസത്തിലധികം പഴക്കമുണ്ട്. മഞ്ചേരി മെഡിക്കല്‍കോളേജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം.
കുഞ്ഞിന്റെ തലച്ചോര്‍ ഇളകിയനിലയിലായിരുന്നു. ഒരാഴ്ച മുന്‍പും കുഞ്ഞിന് മര്‍ദനത്തെത്തുടര്‍ന്ന് രക്തസ്രാവമുണ്ടായിരുന്നു. ആ ഭാഗത്തുതന്നെയാണ് വീണ്ടും മര്‍ദനമേറ്റത്. മര്‍ദനത്തെത്തുടര്‍ന്ന് ബോധംപോയ കുഞ്ഞിനെ ഫായിസ് കട്ടിലിലേക്ക് എറിഞ്ഞെന്നാണ് ആരോപണം. കുഞ്ഞിന്റെ ശരീരത്തില്‍ സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ച പാടുകളും ഉണ്ടായിരുന്നു.
ഫായിസിന്റെ വീട്ടില്‍നിന്ന് പലപ്പോഴും കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാറുണ്ടെന്നും കുഞ്ഞിനെ തല്ലുന്നത് കണ്ടിട്ടുണ്ടെന്നുമാണ് അയല്‍ക്കാരുടെ വെളിപ്പെടുത്തല്‍. തല്ലുന്നത് കാണുമ്പോള്‍ തല്ലരുതെന്ന് അവരോട് പറയും. പക്ഷേ, ഞങ്ങളുടെ കുട്ടിയല്ലേ ഞങ്ങളുടെ ഇഷ്ടംപോലെ ചെയ്യുമെന്നായിരുന്നു അവര്‍ മറുപടി നല്‍കിയതെന്നും അയല്‍ക്കാര്‍ പറഞ്ഞു.