വിസ സ്പോൺസർ ചെയ്യാനുള്ള വരുമാന പരിധി കുത്തനെ വർദ്ധിപ്പിച്ച് യുകെ

 | 
Rishi Sunak

കുടുംബാംഗത്തിന്റെ വിസ സ്‌പോൺസർ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാനപരിധി കുത്തനെ ഉയർത്തി യു.കെ. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികളുടെ ഭാഗമായാണിത്. വരുമാനപരിധി 18,600 പൗണ്ടിൽ നിന്ന് 29,000 പൗണ്ടായി ഉയർത്തി. 55 ശതമാനത്തിൽ അധികമാണ് വർദ്ധന. അടുത്ത വർഷം ഇത് 38,700 പൗണ്ടായി വർധിപ്പിച്ചേക്കും.

ഇമിഗ്രേഷൻ സംവിധാനത്തിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരാനുള്ള വലിയ പദ്ധതി ആഭ്യന്തര സെക്രട്ടറി പ്രഖ്യാപിച്ച് ആഴ്ചകൾക്കുള്ളിലാണ് മാറ്റം. സ്റ്റുഡന്റ് വിസ റൂട്ട് നടപടികൾ കർശനമാക്കാനുള്ള 2023-മേയ് മാസത്തിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ പരിഷ്‌കാരം. സ്റ്റുഡന്റ് വിസയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനോടൊപ്പം നാഷണൽ ഹെൽത്ത് സർവീസ് ഉപയോഗപ്പെടുത്തുന്ന വിദേശ പൗരൻമാർക്ക് ഹെൽത്ത് സർചാർജിൽ 66 ശതമാനത്തിന്റെ വർധനവുമുണ്ട്.

ഈ വർഷം നടക്കുന്ന തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയം കൂടിയാണ് ഇമിഗ്രേഷൻ. സുനകിന്റെ പാർട്ടിയായ കൺസർവേറ്റീവ്‌സ് തിരഞ്ഞെടുപ്പിൽ വലിയ തോൽവി നേരിടുമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്.

കുടിയേറ്റം നിയന്ത്രിക്കാനും രാജ്യത്ത് വരുന്നവർ നികുതിദായകർക്ക് ഭാരമാകാതിരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ലക്ഷ്യമിട്ടുള്ള സുനകിന്റെ പദ്ധതിയുടെ ഭാഗമാണ് പുതിയ മാറ്റം. വൻ തോതിലുള്ള കുടയേറ്റത്തിൽ നമ്മൾ അവസാന പോയന്റിലെത്തിയെന്നും ബ്രിട്ടീഷ് ജനതയ്ക്ക് സ്വീകാര്യമായ രീതിയിൽ എണ്ണം കുറയ്ക്കുന്നത്‌ എളുപ്പത്തിലുള്ള പരിഹാരമല്ലെന്നും യു.കെ മന്ത്രി ജെയിംസ് ക്ലവർലി പറഞ്ഞു.