എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനും നിക്ഷേപിക്കാനും ഇനി മുതൽ യുപിഐ ഉപയോഗിക്കാം
പണം കൈമാറാൻ മാത്രമല്ല, നിക്ഷേപിക്കാനും ഇനി യു.പി.ഐ ഉപയോഗിക്കാം. കാർഡ് ഉപയോഗിക്കാതെ എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കുന്നതോടൊപ്പം പണം നിക്ഷേപിക്കാനുള്ള സൗകര്യം കൂടിയാണ് അവതരിപ്പിച്ചത്. പണനയ യോഗ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനത്തിലാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്.
ഇതോടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ യു.പി.ഐവഴി പണം നിക്ഷേപിക്കൽ എളുപ്പമാകും. ഡെബിറ്റ് കാർഡ് ഉപയോഗിച്ചാണ് ഇതുവരെ പണം നിക്ഷേപിക്കാൻ കഴിഞ്ഞിരുന്നത്. യു.പി.ഐ വഴി പണം പിൻവലിക്കുന്നതോടൊപ്പം നിക്ഷേപിക്കാനും എ.ടി.എം വഴി ഇനി കഴിയും.
ബാങ്ക് ശാഖകളിലെ ജോലി ഭാരം കുറയ്ക്കുന്നതിനൊപ്പം കാഷ് ഡെപ്പോസിറ്റ് മെഷീൻ വഴിയുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും കൂടിയാണ് തീരുമാനം. യു.പി.ഐയുടെ ജനപ്രീതിയും സ്വീകാര്യതയും കണക്കിലെടുക്കുമ്പോൾ കാർഡ് ഇല്ലാതെ പണം പിൻവലിക്കലും നിക്ഷേപിക്കലും അക്കൗണ്ട് ഉടമകൾക്ക് സൗകര്യപ്രദമാകും.
എ.ടി.എമ്മിൽനിന്ന് യു.പി.ഐ സംവിധാനംവഴിയുള്ള പണം പിൻവലിക്കൽ എളുപ്പമാണ്. എ.ടി.എം സ്‌ക്രീനിൽ 'കാർഡ്‌ലെസ് ക്യാഷ്' പിൻവലിക്കൽ തിരഞ്ഞെടുക്കുമ്പോൾ, തുക രേഖപ്പെടുത്താൻ ആവശ്യപ്പെടും. തുക രേഖപ്പെടുത്തിക്കഴിഞ്ഞാൽ ക്യൂ.ആർ കോഡ് തെളിയും ഏതെങ്കിലും ബാങ്കിന്റെ മൊബൈൽ ആപ്പ് ഉപയോഗിച്ച് അത് സ്‌കാൻ ചെയ്യുകയും പണം ലഭിക്കുന്നതിന് യുപിഐ പിൻ ഉപയോഗിച്ച് ഇടപാടിന് അംഗീകാരം നൽകുകയുമാണ് വേണ്ടത്.