ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥിയെ സഹപാഠിയെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ കേസ്; സംഭവം നിസാരമെന്ന് അധ്യാപിക

 | 
Muzafarnagar

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ വിദ്യാര്‍ത്ഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. പരാതി നല്‍കുന്നില്ലെന്നായിരുന്നു പിതാവിന്റെ ആദ്യ പ്രതികരണമെങ്കിലും ഇന്ന് രാവിലെ അവര്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. 

സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അരവിന്ദ് മല്ലപ്പ ബംഗരി അറിയിച്ചു. കുട്ടിയേയും കുട്ടിയുടെ രക്ഷിതാക്കളേയും കൗണ്‍സിലിങിന് വിധേയമാക്കിയതായും മജിസ്‌ട്രേറ്റ് പറഞ്ഞു. അതേസമയം സംഭവത്തെ നിസാരം എന്ന് ന്യായീകരിക്കുകയാണ് അധ്യാപിക തൃപ്ത ത്യാഗി. 

ഹോം വര്‍ക്ക് ചെയ്യാത്തതിനാലാണ് വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു. താന്‍ അംഗപരിമിതയായതിനാലാണ് മറ്റു കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയത്. പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ ആണെന്നും അവര്‍ പറഞ്ഞു.