രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് അനുഷ്‌കയും വിരാട് കോലിയും

 | 
Kohli

നടി അനുഷ്‌ക ശര്‍മയ്ക്കും ക്രിക്കറ്റ് താരം വിരാട് കോലിയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. കോലിയാണ് ഈ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. ഈ വാര്‍ത്ത ഏറെ സന്തോഷത്തോടെ എല്ലാവരുമായി പങ്കുവയ്ക്കുന്നുവെന്നും വാമികയുടെ കുഞ്ഞനുജന് സ്വാഗതമെന്നും കോലി കുറിച്ചു.

ഫെബ്രുവരി 15 നായിരുന്നു കുഞ്ഞിന്റെ ജനനം. അകായ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. എല്ലാവരുടെയും അനുഗ്രഹവും ആശംസകളും വേണമെന്ന് കോലി കുറക്കുന്നു. ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017 ലാണ് അനുഷ്‌കയും കോലിയും തമ്മിലുള്ള ദീര്‍ഘനാളത്തെ പ്രണയം വിവാഹത്തിലെത്തിയത്. 2021 ല്‍ മകള്‍ വാമിക ജനിച്ചു.

കോലി അടുത്തിടെ പല മത്സരങ്ങളിലും ടീമിനൊപ്പമുണ്ടായിരുന്നില്ല. ടീം സ്‌ക്വാഡില്‍ ഉണ്ടായിരുന്നിട്ടും വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്നതായി ബി.സി.സി.ഐ.യെ അറിയിക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും കോലി പങ്കെടുത്തില്ല. ഇതെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചപ്പോള്‍കാരണം തുറന്നുപറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ താരവുംം ഐ.പി.എലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിലെ കോലിയുടെ സഹതാരവുമായ എബി ഡിവില്ലിയേഴ്സ് രംഗത്ത് വന്നത് വലിയ ചര്‍ച്ചയായി.

കോലിയും അനുഷ്‌ക ശര്‍മയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും അതിനാലാണ് താരം ടീമില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ഡിവില്ലിയേഴ്സ് സ്വന്തം യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയത്. കോലിയുമായി നടത്തിയ ചാറ്റ് മുന്‍നിര്‍ത്തിയായിരുന്നു ഡിവില്ലിയേഴ്സിന്റെ പരാമര്‍ശം. കോലി കുടുംബത്തോടൊപ്പം സമയം ചെലവിടുകയാണെന്നും സുഖമായിരിക്കുന്നുവെന്നും ഡിവില്ലിയേഴ്സ് ആരാധകരെ അറിയിച്ചു. എന്നാല്‍ ഇത് വലിയ ചര്‍ച്ചയായതോടെ താന്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവമല്ലെന്നും തനിക്ക് തെറ്റുപറ്റിയതാണെന്നും പറഞ്ഞ് ഡിവില്ലിയേഴ്സ് രംഗത്ത് വന്നു.