വടകരയിൽ യുവാവ് ഓട്ടോയ്ക്കുള്ളിൽ മരിച്ച നിലയിൽ; അമിത ലഹരി ഉപയോ​ഗമെന്ന് സംശയം

 | 
Death

ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ആറളം സ്വദേശി ഷാനിഫിനെയാണ് (27) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ജെടി റോഡിലാണ് സംഭവം. വടകര പുതിയാപ്പിൽ വാടക ക്വാട്ടേഴ്സിൽ താമസിച്ച് വരികയായിരുന്നു. നിർത്തിയിട്ട ഓട്ടോയിലാണ് യുവാവിനെ ബോധരഹിതനായി നാട്ടുകാർ കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

അമിത ലഹരിമരുന്ന് ഉപയോഗമാണ് മരണകാരണമെന്ന് കരുതുന്നു. സംഭവ സ്ഥലത്തുനിന്ന് സിറിഞ്ച് അടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വടകര കല്ലേരിയിൽ നിന്നാണ് ഷാനിഫ് വിവാഹം കഴിച്ചത്. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ മാസം തൊട്ടടുത്ത പ്രദേശമായ ഓർക്കാട്ടേരിയിൽ രണ്ട് യുവാക്കളെ ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.