കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് സാധനങ്ങള്‍ വാങ്ങാന്‍ കൂപ്പണ്‍

 | 
ksrtc

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കൂപ്പണ്‍. രണ്ടു മാസത്തെ ശമ്പളത്തിന്റെ മൂന്നില്‍ രണ്ടു ഭാഗത്തിന് ആനുപാതികമായാണ് കൂപ്പണ്‍ നല്‍കുന്നത്. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, മാവേലി സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് ഈ കൂപ്പണ്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാം. 

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ കൂപ്പണ്‍ അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ശമ്പളക്കുടിശികയും ഉത്സവബത്തയും അടക്കം 103 കോടി രൂപ സര്‍ക്കാര്‍ നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. കെഎസ്ആര്‍ടിസിക്ക് ശമ്പളം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനില്ലെന്നായിരുന്നു സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കിയത്. 

ഇതേത്തുടര്‍ന്ന് ശമ്പള വിതരണത്തിന് 50 കോടി രൂപ കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചു. ശമ്പള കുടിശികയ്ക്കു പകരം വൗച്ചറും കൂപ്പണും നല്‍കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചതിനു പിന്നാലെയാണ് കൂപ്പണ്‍ വിതരണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ കൂപ്പണ്‍ വിതരണത്തിനുള്ള നീക്കത്തിനെതിരെ ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു.