ഐഎസ്എല്‍ ഒക്ടോബര്‍ ഏഴിന് ആരംഭിക്കും; ഉദ്ഘാടന മത്സരം കൊച്ചിയില്‍

 | 
ISL

ഈ വര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ ഒക്ടോബര്‍ 7ന് ആരംഭിക്കുന്നു. കൊച്ചിയിലാണ് ഉദ്ഘാടന മത്സരം. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എസ്.സി.ഈസ്റ്റ് ബംഗാളിനെ നേരിടും. കഴിഞ്ഞ സീസണുകളിലുള്ളപോലെ ദിവസേനയുള്ള മത്സരങ്ങള്‍ ഇത്തവണ ഉണ്ടായിരിക്കില്ല. പകരം മറ്റ് പ്രഫഷണല്‍ ലീഗുകള്‍ പോലെ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിലായിരിക്കും സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. 

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി വീണ്ടും ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും കോവിഡ് വ്യാപനം മൂലം മത്സരങ്ങള്‍ ഗോവയിലെ സ്റ്റേഡിയങ്ങളില്‍ വെച്ച് മാത്രമാണ് നടത്തിയത്. ഉദ്ഘാടന മത്സരം ഹോം ഗ്രൗണ്ടില്‍ കളിക്കാന്‍ അവസരം ലഭിച്ചതിന്റെ ആവേശത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ തവണ ഫൈനല്‍ പോരാട്ടത്തില്‍ നഷ്ടമായ കപ്പ് ഇത്തവണ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് മഞ്ഞപ്പട. പുതിയ സീസണില്‍ പുതിയ താരങ്ങളെയും ബ്ലാസ്‌റ്റേഴ്‌സ് അവതരിപ്പിക്കുന്നുണ്ട്. 

ഏപ്രില്‍ മാസത്തോടെ ഐ.എസ്.എല്‍ അവസാനിക്കും. പിന്നാലെ സൂപ്പര്‍ കപ്പ് നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലീഗ് മത്സരങ്ങള്‍ മാത്രം അഞ്ചുമാസത്തോളമുണ്ടാകും. ഇത്തവണ പ്ലേ ഓഫ് മത്സരങ്ങളുടെ ഫോര്‍മാറ്റിലും വ്യത്യാസമുണ്ടാകും. ലീഗ് മത്സരങ്ങളില്‍ ഏറ്റവുമധികം പോയന്റ് നേടുന്ന ആദ്യ രണ്ട് ടീമുകള്‍ നേരിട്ട് സെമിഫൈനലിലേക്ക് പ്രവേശിക്കും. പിന്നീടുള്ള രണ്ട് സ്ഥാനക്കാരെ തീരുമാനിക്കാന്‍ പ്രത്യേക പ്ലേ ഓഫ് സജ്ജീകരിക്കും. 

മൂന്ന് മുതല്‍ ആറ് വരെയുള്ള സ്ഥാനക്കാര്‍ ഈ പ്ലേ ഓഫില്‍ മാറ്റുരയ്ക്കും. ഒരു ടീമിന് ഒരു മത്സരം മാത്രമേ ഈ പ്ലേ ഓഫിലുണ്ടാകൂ. ഇങ്ങനെ പരസ്പരം ഏറ്റുമുട്ടി വിജയിക്കുന്ന രണ്ട് ടീമുകള്‍ സെമിയില്‍ പ്രവേശിക്കും. സെമി ഫൈനല്‍ മത്സരങ്ങള്‍ സാധാരണ രീതിയില്‍ ഹോം-എവേ ഫോര്‍മാറ്റില്‍ തന്നെ നടക്കും.