ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്; സമ്മർദം ഒഴിവാക്കാൻ തീയിലൂടെ നടന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം
ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ഇനി രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ടീമുകൾ അവസാന ഘട്ട തയ്യാറെടുപ്പുകൾ നടത്തുകയാണ്. ഏകദിന ലോകകപ്പിന് മുമ്പ് ഏഷ്യൻ ടീമുകൾക്ക് പരസ്പരം മനസിലാക്കാനും ടൂർണമെന്റ് സഹായിക്കും. ഏഷ്യാ കപ്പിൽ മാനസിക സമ്മർദം ഒഴിവാക്കുവാൻ വിചിത്ര രീതി പരീക്ഷിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് താരം. 23 കാരനായ യുവതാരം മുഹമ്മദ് നയീം തീയിലൂടെ നടന്നാണ് മാനസിക കരുത്ത് ആർജിക്കുന്നത്. ചെരുപ്പുകൾ ഉപയോഗിക്കാതെ തീയിലൂടെ നടക്കുന്ന താരത്തിന്റെ വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ട്രെയ്നറിന്റെ നിർദ്ദേശപ്രകാരം ആയാസ രഹിതമായാണ് താരം തീയിലൂടെ നടക്കുന്നത്. മറ്റുള്ളവർ താരത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലുമായി നയീം 40 മത്സരങ്ങളാണ് ബംഗ്ലാദേശിന് വേണ്ടി കളിക്കുന്നത്. 849 റൺസും താരം നേടിയിട്ടുണ്ട്. ബംഗ്ലാദേശ് ടീമിൽ ഓപ്പണിങ്ങ് ബാറ്ററുടെ റോളാണ് നയീമിനുള്ളത്. താരത്തിന്റെ തീക്കനലിൽ നടന്നുള്ള പരീക്ഷണങ്ങൾ വിജയിക്കുമോയെന്ന് ഏഷ്യാ കപ്പിൽ അറിയാം.
ആഗസ്റ്റ് 30 നാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമാകുക. അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് ബംഗ്ലാദേശ് ഏഷ്യാ കപ്പ് കളിക്കുന്നത്. ശ്രീലങ്കയ്ക്കെതിരെ ഓഗസ്റ്റ് 31 നാണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം. സെപ്റ്റംബർ 3 ന് അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന്റെ രണ്ടാം മത്സരവും നടക്കും.