കോപ്പ അമേരിക്കയിൽ കാനഡയെ 2-1ന് പരാജയപ്പെടുത്തി അർജന്റീനയ്ക്ക് വിജയം
വിജയത്തോടെ കോപ്പ അമേരിക്കയിൽ വരവറിയിച്ച് നിലവിലെ ചാംപ്യൻമാരായ അർജന്റീന. കാനഡയെ 2 ഗോളുകൾക്കു തകർത്താണു കോപ്പയുടെ ഉദ്ഘാടന മത്സരം അർജന്റീന സ്വന്തമാക്കിയത്. ജൂലിയൻ അൽവാരസും ലൗത്താറോ മാർട്ടിനസുമാണ് അർജന്റീനയ്ക്കായി ഗോളടിച്ചത്. ആദ്യ കോപ്പ ടൂർണമെന്റാണെങ്കിലും അർജന്റീനയ്ക്കു മുന്നിൽ കാനഡ കടുത്ത വെല്ലുവിളി തീർത്തു. പന്തടക്കത്തിലും ആക്രമണത്തിലും പലപ്പോഴും മുന്നിട്ടുനിന്ന കാനഡയുടെ ഗോൾ പോസ്റ്റിലേക്ക് ആദ്യ ഗോൾ തൊടുക്കാൻ അർജന്റീനയ്ക്കു രണ്ടാം പകുതി വരെ കാക്കേണ്ടി വന്നു.
9-ാം മിനിറ്റിൽ അർജന്റീനയ്ക്കു മുന്നിലെത്താനുള്ള അവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. ലയണൽ മെസ്സിയും ഡി മരിയയും വലതുവിങ്ങിൽനിന്നു മുന്നേറ്റങ്ങൾ നടത്തിയതും പാഴായി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ അവസരം നഷ്ടപ്പെടുത്തിയ ജൂലിയൻ അൽവാരസ്, രണ്ടാം പകുതിയുടെ തുടക്കത്തിൽ 49-ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. 65-ാം മിനിറ്റിലും 79-ാം മിനിറ്റിലും മെസ്സി നല്ല അവസരങ്ങൾ നഷ്ടപ്പെടുത്തി. 88-ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ മാർട്ടിനസ് വലകുലുക്കി. ഏകപക്ഷീയമായി ലോകചാംപ്യന്മാർക്കു വിജയം.