കോപ്പ അമേരിക്കയിൽ ബ്രസീലിനെ സമനിലയിൽ തളച്ച് കൊളംബിയ ക്വാർട്ടറിൽ

 | 
Copa America

കോപ്പ അമേരിക്ക ഫുട്‌ബോളിൽ ഗ്രൂപ്പ് ഡിയിലെ അവസാന റൗണ്ട് പോരാട്ടത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച് കൊളംബിയ. 12-ാം മിനിറ്റിൽ റഫീന്യയുടെ ഗോളിൽ മുന്നിലെത്തിയ മഞ്ഞപ്പടയ്‌ക്കെതിരേ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഡാനിയൽ മുനോസ് നേടിയ ഗോളിൽ കൊളംബിയ സമനില പിടിക്കുകയായിരുന്നു. ഇതോടെ മൂന്ന് കളികളിൽ നിന്ന് ഏഴു പോയന്റുമായി ഗ്രൂപ്പ് ജേതാക്കളായി കൊളംബിയ ക്വാർട്ടറിൽ കടന്നു. അഞ്ചു പോയന്റുള്ള ബ്രസീൽ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലെത്തി. ജൂലായ് ഏഴിന് നടക്കുന്ന ക്വാർട്ടറിൽ യുറഗ്വായാണ് ബ്രസീലിന്റെ എതിരാളികൾ. കൊളംബിയ ക്വാർട്ടറിൽ പനാമയെ നേരിടും.

നിർണായക മത്സരത്തിൽ ശക്തമായ ടീമിനെ തന്നെയാണ് ബ്രസീൽ കോച്ച് ഡോറിവൽ ജൂനിയർ കളത്തിലിറക്കിയത്. കഴിഞ്ഞമത്സരത്തിൽ മഞ്ഞക്കാർഡുകണ്ട വിനീഷ്യസ് ജൂനിയറും ലൂക്കാസ് പക്വേറ്റയും ആദ്യപതിനൊന്നിൽ ഉൾപ്പെട്ടേക്കില്ലെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇരുവരും കളിച്ചു. എന്നാൽ കളിതുടങ്ങി ഏഴാം മിനിറ്റിൽ തന്നെ മഞ്ഞക്കാർഡ് കണ്ട വിനീഷ്യസിന് ക്വാർട്ടർ മത്സരം നഷ്ടമാകും. ബ്രസീലിന് കനത്ത തിരിച്ചടിയാകും ഇത്.

കളിയുടെ തുടക്കം മുതൽ തന്നെ ബ്രസീൽ ആക്രമിച്ചു കളിച്ചു. ആദ്യ മിനിറ്റിൽ തന്നെ ബോക്‌സിലേക്കു വന്ന റഫീന്യയുടെ ക്രോസിനൊപ്പമെത്താൻ പക്ഷേ ബ്രസീൽ താരങ്ങൾക്കാർക്കും സാധിച്ചില്ല. തൊട്ടടുത്ത മിനിറ്റുകളിൽ റോഡ്രിഗോയും വീനീഷ്യസുമെല്ലാം കൊളംബിയൻ ബോക്‌സിലേക്ക് പന്തുമായെത്തിയെങ്കിലും ഗോൾകീപ്പർ കാമിലോ വാർഗാസ് ഉറച്ചുനിന്നു.

തുടക്കത്തിലെ ബ്രസീൽ ആക്രമണങ്ങളിൽ പകച്ചുപോയ കൊളംബിയ വൈകാതെ തന്നെ താളംകണ്ടെത്തി. ഏഴാം മിനിറ്റിൽ കൊളംബിയയുടെ ആദ്യ ആക്രമണമെത്തി. പന്തുമായി മുന്നേറിയ മച്ചാഡോയിൽ നിന്ന് ജെയിംസ് റോഡ്രിഗസിലേക്കെ പന്തെത്തി. എന്നാൽ താരത്തെ വിനീഷ്യസ് ഫൗൾ ചെയ്തു. ഈ ഫൗളിനാണ് വിനീഷ്യസിന് മഞ്ഞക്കാർഡ് ലഭിച്ചത്. പിന്നാലെ റോഡ്രിഗസ് എടുത്ത ഫ്രീകിക്ക് ക്രോസ്ബാറിലിടിച്ച് മടങ്ങുകയായിരുന്നു.