പാകിസ്ഥാനെ വീഴ്ത്തി; ഏഷ്യാ കപ്പ് ടി20 ടൂർണമെന്റിൽ ഇന്ത്യൻ വനിതാ ടീമിന് ജയത്തോടെ തുടക്കം

 | 
asia cup

വനിതാ ഏഷ്യാ കപ്പ് ടി20 ടൂർണമെന്റിൽ ഇന്ത്യൻ വനിതകൾക്ക് ഗംഭീര തുടക്കം. ഗ്രൂപ്പ് എ-യിലെ മത്സരത്തിൽ ഇന്ത്യ പാകിസ്താൻ വനിതകളെ തോൽപ്പിച്ചാണ് ടൂർണമെന്റിലെ ആദ്യ ജയം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താനെ 19.2 ഓവറിൽ 108 റൺസിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.1 ഓവറിൽ ഏഴ് വിക്കറ്റ് കൈയിലിരിക്കേ അനായാസ ജയം നേടി. സ്‌കോർ: പാകിസ്താൻ-108/10 (19.2 ഓവർ). ഇന്ത്യ-109/3 (14.1 ഓവർ).

പാകിസ്താൻ ഉയർത്തിയ 109 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് വിജയം കൈപ്പിടിയിലെത്തിച്ചത്. 31 പന്തിൽ ഒൻപത് ഫോറുകൾ ചേർത്ത് സ്മൃതി നേടിയ 45 റൺസ് ഇന്ത്യൻ ഇന്നിങ്‌സിൽ നിർണായകമായി. പത്താം ഓവറിൽ സയിദ അറൂബ് ഷായാണ് സ്മൃതിയെ മടക്കിയത്. ഷഫാലി വർമ 29 പന്തിൽനിന്ന് 40 റൺസ് നേടി. ഒരു സിക്‌സും ആറ് ഫോറും ചേർന്നതാണ് ഷഫാലിയുടെ ഇന്നിങ്‌സ്. 12-ാം ഓവറിൽ വീണ്ടുമെത്തിയ അറൂബ് ഷായ്ക്ക് തന്നെയാണ് വിക്കറ്റ്. ഷഫാലിയും സ്മൃതിയും ചേർന്ന് ഒന്നാം വിക്കറ്റിൽ 85 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ദയാലൻ ഹേമലതയും (11 പന്തിൽ 14) റൺസ് നേടി പുറത്തായി. നഷ്‌റ സന്ധുവിനാണ് വിക്കറ്റ്. തുടർന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (11 പന്തിൽ 5) ജെമീമ റോഡ്രിഗസും (3 പന്തിൽ 3) ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

മൂന്ന് വിക്കറ്റുകൾ നേടിയ ദീപ്തി ശർമയും രണ്ട് വീതം വിക്കറ്റുകളുമായി ശ്രേയങ്ക പാട്ടീലും പൂജ വസ്ത്രകാറും രേണുക സിങ്ങും ചേർന്നാണ് നേരത്തേ പാകിസ്താനെ ഓവർ പൂർത്തിയാക്കാനാവാതെ ഒതുക്കിയത്. സിദ്ര അമീൻ (35 പന്തിൽ 25), ഫാത്തിമ സന (16 പന്തിൽ 22), തൂബ ഹസൻ (19 പന്തിൽ 22), വിക്കറ്റ് കീപ്പർ മുനീബ അലി (11 പന്തിൽ 11) എന്നിവർ മാത്രമേ പാക് നിരയിൽ രണ്ടക്കം കടന്നുള്ളൂ. ഇറം ജാവേദ്, നഷ്‌റ സന്ധു, സാദിയ ഇഖ്ബാൽ എന്നിവർ പൂജ്യത്തിന് പുറത്തായി. ഗുൽ ഫിറോസ (5), ആലിയ റിയാസ് (6), ക്യാപ്റ്റൻ നിദ ദർ (8), സയിദ അറൂബ് ഷാ (2) എന്നിങ്ങനെയാണ് മറ്റു സമ്പാദ്യങ്ങൾ.

നാലോവറിൽ 20 റൺസ് വഴങ്ങിയാണ് ദീപ്തി മൂന്ന് വിക്കറ്റ് നേടിയത്. ഇതോടെ ദീപ്തി ശർമ നേടിയ അന്താരാഷ്ട്ര വിക്കറ്റുകളുടെ എണ്ണം 250 ആയി. രേണുക സിങ്‌ നാലോവറിൽ 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. 3.2 ഓവറിൽ 14 റൺസ് വിട്ടുനൽകിയാണ് ശ്രേയങ്ക പാട്ടീൽ രണ്ട് വിക്കറ്റ് നേടിയത്. ആലിയ റിയാസിനെ പുറത്താക്കി ശ്രേയങ്ക ഏഷ്യാകപ്പിലെ കന്നി വിക്കറ്റ് നേട്ടം ആഘോഷമാക്കി.