മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് ആധികാരിക ജയം; സഞ്ജുവും കളിക്കാനിറങ്ങി

 | 
india zim

സഞ്ജു സാംസൺ ഉപനായകനായി കളത്തിലിറങ്ങിയ മത്സരത്തിൽ സിംബാബ്വേയെ തകർത്ത് ഇന്ത്യ. മൂന്നാം ടി20 യിൽ 23 റൺസിനാണ് ഇന്ത്യയുടെ ജയം. 183 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ സിംബാബ്വേ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. അർധസെഞ്ചുറിയുമായി ഡിയോൺ മയേഴ്‌സ് സിംബാബ്വേയ്ക്കായി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് അർധസെഞ്ചുറി നേടിയ ഗില്ലിന്റേയും ഗെയ്ക്വാദിന്റേയും ഇന്നിങ്‌സുകളാണ് തുണയായത്. ബൗളിങ്ങിൽ ഇന്ത്യയ്ക്കായി വാഷിങ്ടൺ സുന്ദർ മൂന്ന് വിക്കറ്റെടുത്തു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി(2-1).

ഇന്ത്യ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വേയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 19 റൺസെടുക്കുന്നതിനിടയിൽ ടീമിന് മൂന്ന് വിക്കറ്റ് നഷ്ടമായി. വെസ്ലി മാധവ്‌റെ(1), മരുമാനി(13), ബ്രയാൻ ബെന്നറ്റ്(4) എന്നിവർ പുറത്തായി. പിന്നാലെ വന്നവരിൽ ഡിയോൺ മയേഴ്‌സും ക്ലൈവ് മദണ്ടെയുമാണ് സിംബാബ്വേയ്ക്കായി അൽപ്പമെങ്കിലും പൊരുതിയത്. ക്ലൈവ് 26 പന്തിൽ നിന്ന് 37 റൺസെടുത്തു. അർധസെഞ്ചുറിയുമായി ഡിയോൺ പൊരുതിയെങ്കിലും ജയത്തിലെത്തിക്കാനായില്ല.49 പന്തിൽ നിന്ന് ഡിയോൺ 65 റൺസെടുത്ത് പുറത്താകാതെ നിന്നു. സിക്കന്ദർ റാസ(15), ജൊനാഥൻ കാംബെൽ(1)എന്നിവർ നിരാശപ്പെടുത്തി. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ സിംബാബ്വേ 159 റൺസെടുത്തു. ഇന്ത്യയ്ക്കായി വാഷിങ്ടൺ സുന്ദർ മൂന്ന് വിക്കറ്റെടുത്തു. ആവേശ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തേ നിശ്ചിത 20-ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 182 റൺസെടുത്തു. യശസ്വി ജയ്‌സ്വാളും ശുഭ്മാൻ ഗില്ലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. സിംബാബ്വേ ബോളർമാരെ അടിച്ചുകളിച്ച ഇരുവരും ആദ്യ മൂന്ന് ഓവറിൽ തന്നെ ടീം സ്‌കോർ 40 കടത്തി. എന്നാൽ പവർപ്ലവേയിലെ ശേഷിക്കുന്ന ഓവറുകൾ നന്നായി പന്തെറിഞ്ഞ സിംബാബ്വേ ബോളർമാർ ഉഗ്രൻ തിരിച്ചുവരവ് നടത്തി. ആറ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 55 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ.

ടീം സ്‌കോർ 67-ൽ നിൽക്കേ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ലോകകപ്പിനുശേഷം ടീമിലെത്തിയ ജയ്‌സ്വാളാണ് പുറത്തായത്. 27 പന്തിൽ നിന്ന് 36 റൺസെടുത്ത താരത്തെ സിക്കന്ദർ റാസയാണ് മടക്കിയത്. പിന്നാലെയെത്തിയ അഭിഷേക് ശർമ നിരാശപ്പെടുത്തി. കഴിഞ്ഞ മത്സരം സെഞ്ചുറി പ്രകടനത്തോടെ തിളങ്ങിയ അഭിഷേകിന് ഇക്കുറി പത്ത് റൺസ് മാത്രമാണ് നേടാനായത്. വീണ്ടും സിക്കന്ദർ റാസയാണ് വിക്കറ്റെടുത്തത്.

ശേഷം ക്രീസിലൊന്നിച്ച നായകൻ ശുഭ്മാൻ ഗില്ലും ഋതുരാജ് ഗെയ്ക്വാദും ഇന്ത്യൻ സ്‌കോർ ഉയർത്തി. 13-ാം ഓവറിൽ 19 റൺസ് കണ്ടെത്തിയ ഇരുവരും ടീം സ്‌കോർ നൂറ് കടത്തി. പിന്നാലെ ഗിൽ അർധസെഞ്ചുറിയും തികച്ചു. 15-ഓവർ അവസാനിക്കുമ്പോൾ 127-2 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീടങ്ങോട്ട് ഗില്ലും ഗെയ്ക്വാദും തകർത്തടിച്ചു. 17-ാം ഓവറിൽ 18 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. ടീം സ്‌കോർ 153 ൽ നിൽക്കേ ഗില്ലിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 49 പന്തിൽ നിന്ന് ഏഴ് ഫോറും മൂന്ന് സിക്‌സുമുൾപ്പെടെ 66 റൺസാണ് താരമെടുത്തത്. പിന്നീട് സ്‌കോറുയർത്തിയ ഗെയ്ക്വാദ് അർധസെഞ്ചുറിക്കരികെ വീണു. 28 പന്തിൽ നിന്ന് 49 റൺസെടുത്താണ് ഗെയ്ക്വാദ് മടങ്ങിയത്. സഞ്ജു ഏഴ് പന്തിൽ നിന്ന് രണ്ട് ഫോറുൾപ്പെടെ 12 റൺസെടുത്ത് പുറത്താകാതെ നിന്നു. ഒടുക്കം നാല് വിക്കറ്റ് നഷ്ടത്തിൽ 182 ന് ഇന്ത്യൻ ഇന്നിങ്‌സ് അവസാനിച്ചു. സിംബാബ്‌വേക്കായി സികക്ന്ദർ റാസയും ബ്ലെസ്സിങ് മുസർഡബാനിയും രണ്ട് വീതം വിക്കറ്റെടുത്തു.