ഏകദിനത്തിൽ സഞ്ജുവില്ല, സൂര്യകുമാർ നയിക്കും; ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലുള്ളത് ഇവരൊക്കെ
ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളെ ബി.സി.സി.ഐ. പ്രഖ്യാപിച്ചു. ടി20-യിൽ സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. ഏകദിനത്തിൽ രോഹിത് ശർമതന്നെ നയിക്കും. സഞ്ജു സാംസൺ ടി20 പരമ്പരയിൽ ഉൾപ്പെട്ടു. വിരാട് കോലി, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ ഏകദിനത്തിലുണ്ട്. റിയാൻ പരാഗ് ഏകദിനത്തിലും ടി20യിലും ഉൾപ്പെട്ടപ്പോൾ സിംബാബ്‌വെയ്‌ക്കെതിരേ സെഞ്ചുറി നേടിയ അഭിഷേക് ശർമക്ക് ടീമിൽ ഇടം കിട്ടിയില്ല.
ഹാർദിക് പാണ്ഡ്യക്ക് പകരമായാണ് സൂര്യകുമാർ യാദവിനെ ടി20 ക്യാപ്റ്റനായി നിശ്ചയിച്ചത്. രോഹിത് ക്യാപ്റ്റനായിരുന്നപ്പോൾ ഹാർദിക്കായിരുന്നു വൈസ് ക്യാപ്റ്റൻ. രോഹിത് ഇല്ലാതിരുന്ന സമയങ്ങളിലും ഹാർദിക് തന്നെയായിരുന്നു ടീമിനെ നയിച്ചത്. പക്ഷേ, രോഹിത് ശർമ വിരമിച്ചതോടെ സൂര്യകുമാറിനെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുകയായിരുന്നു.
സൂര്യകുമാർ മുൻപ് ഏഴ് ടി20 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. അവയിൽ അഞ്ചിലും ഇന്ത്യ വിജയിക്കുകയും വ്യക്തിഗത സ്‌കോർ 300 റൺസ് നേടുകയും ചെയ്തു. ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയും ഉൾപ്പെടെയാണിത്. ക്യാപ്റ്റനായിരുന്നപ്പോഴും മികച്ച പ്രകടനം പുറത്തെടുത്തതിന്റെ കൂടെ അടിസ്ഥാനത്തിലാണ് സൂര്യകുമാറിനെ ക്യാപ്റ്റൻസിയിലേക്ക് തിരഞ്ഞെടുത്തത്. അതേസമയം വൈസ് ക്യാപ്റ്റനായും ഹാർദിക് ഇല്ല. ശുഭ്മാൻ ഗില്ലാണ് ഏകദിനത്തിലും ടി20യിലും വൈസ് ക്യാപ്റ്റൻ.
ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരുന്ന ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർക്ക് വിശ്രമമനുവദിച്ചു. സിംബാബ്‌വെയ്‌ക്കെതിരേ രണ്ട് മത്സരങ്ങളിൽനിന്ന് 24 റൺസ് മാത്രം നേടിയ റിയാൻ പരാഗിനെ ടി20, ഏകദിന ടീമുകളിൽ ഉൾപ്പെടുത്തി. ബി.സി.സി.ഐ.യുടെ കരാറിൽ ഉൾപ്പെടാതിരുന്ന ശ്രേയസ് അയ്യർ ഏകദിനത്തിൽ മടങ്ങിയെത്തി. അതേസമയം ഇഷാൻ കിഷനെ പരിഗണിച്ചില്ല. ടി20 ലോകകപ്പ് സ്‌ക്വാഡിൽ ഉൾപ്പെട്ട കുൽദീപ് യാദവിന് ഏകദിനത്തിൽ മാത്രമാണ് അവസരം കിട്ടിയത്. സിംബാബ്‌വെയ്‌ക്കെതിരേ മികച്ച പ്രകടനം നടത്തിയ അഭിഷേക് ശർമ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവർക്ക് രണ്ട് ടീമിലും ഇടം ലഭിച്ചില്ല.
കഴിഞ്ഞവർഷം ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിച്ച അവസാന ഏകദിനത്തിൽ സെഞ്ചുറി നേടിയിട്ടും സഞ്ജുവിനെ ഫോർമാറ്റിൽ ഉൾപ്പെടുത്തിയില്ല. ടി20യിൽ മാത്രമാണ് അവസരം ലഭിച്ചത്. ഋഷഭ് പന്ത്, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, സിറാജ് എന്നിവർ ടീമിൽ തിരിച്ചെത്തി. സിംബാബ്‌വെ പര്യടനത്തിൽ ഉൾപ്പെട്ടിരുന്ന ധ്രുവ് ജുറേൽ, സായ് സുദർശൻ, ജിതേഷ് ശർമ, ആവേശ് ഖാൻ, തുഷാർ ദേശ്പാണ്ഡെ, ഹർഷിത് റാണ, മുകേഷ് കുമാർ എന്നിവർക്കും ടീമിൽ ഇടം ലഭിച്ചില്ല.
ശ്രീലങ്കയ്‌ക്കെതിരേ മൂന്നുവീതം ടി20യും ഏകദിനവുമാണ് ഇന്ത്യക്കുള്ളത്. ജൂലായ് 27-നാണ് ആദ്യ ടി20 മത്സരം. 28, 30 തീയതികളിൽ ശേഷിച്ച മത്സരങ്ങൾ നടക്കും. വൈകീട്ട് ഏഴിനാണ് മൂന്ന് മത്സരങ്ങളും. ഓഗസ്റ്റ് രണ്ടിന് ഏകദിന പരമ്പര ആരംഭിക്കും. നാലിന് രണ്ടാമത്തെയും ഏഴിന് അവസാനത്തെയും ഏകദിനം നടക്കും. ഉച്ചയ്ക്ക് 2.30-നാണ് മത്സരങ്ങൾ. ടി20 മത്സരങ്ങൾ പല്ലകലെയിലും ഏകദിനങ്ങൾ കൊളംബോയിലും നടക്കും.
ടി20 ടീം സ്‌ക്വാഡ്: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, റിങ്കു സിങ്, റിയാൻ പരാഗ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിങ്, ഖലീൽ അഹ്‌മദ്, മുഹമ്മദ് സിറാജ്.
ഏകദിന ടീം സ്‌ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, റിയാൻ പരാഗ്, അക്ഷർ പട്ടേൽ, ഖലീൽ അഹ്‌മദ്, ഹർഷിത് റാണ.