ട്വന്റി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 4 റൺസ് ജയം

 | 
T Twenty

ട്വന്റി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 4 റൺസ് ജയം. മൂന്നാം ജയത്തോടെ ഡി ഗ്രൂപ്പിൽ നിന്ന് ദക്ഷിണാഫ്രിക്ക സൂപ്പർ 8 ഉറപ്പിച്ചു. നാസ കൗണ്ടി സ്റ്റേഡിയത്തിലെ പിച്ചിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 114 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന് അവസാന ഓവറിൽ ജയിക്കാൻ 11 റൺസായിരുന്നു ആവശ്യം.

ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ് എറിഞ്ഞ 20–ാം ഓവറിലെ ആദ്യ പന്ത് വൈഡ്. അടുത്ത രണ്ട് പന്തിൽ 3 റൺസ്. മൂന്നാം പന്തിൽ ബൗണ്ടറിക്കു ശ്രമിച്ച ബംഗ്ല താരം ജാകർ അലി ഔട്ട്. പിന്നീടുള്ള 3 പന്തിൽ വേണ്ടത് 7 റൺസ്. നാലാം പന്തിൽ സിംഗിൾ. അഞ്ചാം പന്തിൽ സിക്സ് നേടാനുള്ള മഹ്മദുല്ലയുടെ (27 പന്തിൽ 20) ശ്രമം ബൗണ്ടറി ലൈനിൽ എയ്ഡൻ മാർക്രമിന്റെ അവിശ്വസനീയമായ ക്യാച്ചിൽ തീർന്നു. അതോട‌െ അവസാന പന്തിൽ ജയിക്കാൻ 6 റൺസ്. തസ്കിൻ അഹമ്മദിന് ഒരു റണ്ണേ നേടാനായുള്ളൂ.

നേരത്തേ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 4.2 ഓവറിൽ 4ന് 23 എന്ന നിലയിലായിരുന്നു. 44 പന്തിൽ 46 റൺസ് നേടിയ ഹെയ്ൻറിച്ച് ക്ലാസന്റെ ഇന്നിങ്സാണ് അവരെ രക്ഷിച്ചത്. അഞ്ചാം വിക്കറ്റിൽ ‍ഡേവിഡ് മില്ലർക്കൊപ്പം (38 പന്തിൽ 29) 79 പന്തിൽ 79 റൺസാണ് ക്ലാസൻ നേടിയത്.