കൊൽക്കത്ത-രാജസ്ഥാൻ മത്സരത്തിന്റെ വേദിയോ തീയതിയോ മാറ്റാൻ സാധ്യത

 | 
IPL

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഏപ്രിൽ 17-ന് നടക്കുന്ന ഹോം മത്സരത്തിന്റെ വേദിയോ തീയതിയോ മാറ്റാൻ സാധ്യതയെന്ന് റിപ്പോർട്ട്. രാമനവമി ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ്‌ നീക്കം. ഇതുസംബന്ധിച്ച തീരുമാനമെടുക്കുന്നതിനുള്ള ആലോചനയിലാണ് ബി.സി.സി.ഐ.യെന്നാണ് റിപ്പോർട്ട്.

കൊൽക്കത്തയുടെ ആറാം മത്സരമാണ് ഈഡൻ ഗാർഡൻസ് സ്‌റ്റേഡിയത്തിൽ നടക്കേണ്ടത്. സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസാണ് എതിർ ടീം. രാമനവമി ആഘോഷം ദേശവ്യാപകമായി നടക്കുന്നതിനാൽ, സ്റ്റേഡിയത്തിനോ കളിക്കോ ആവശ്യമായ സുരക്ഷയൊരുക്കാൻ കഴിയുമെന്നതിൽ ഉറപ്പില്ലെന്നാണ് അധികൃതരുടെ ഭാഷ്യം.

ഏപ്രിൽ 19-ന് ലോക്‌സഭാ തിരഞ്ഞെടുപ്പു കൂടി നടക്കുന്ന പശ്ചാതലത്തിൽ കളി നീട്ടിവയ്ക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ബി.സി.സി.ഐ.യും ബംഗാൾ ക്രിക്കറ്റ് അസോസിയേഷനും കൊൽക്കത്ത പോലീസുമായി കൂടിയാലോചിച്ച ശേഷം തീരുമാനം കൈക്കൊള്ളും.