വനിത ചെസ് ടൂർണമെന്റ്; ട്രാൻസ് താരങ്ങൾക്ക് വിലക്കേർപ്പെടുത്തി

 | 
chess

ലൊസെയ്ൻ: വനിത ചെസ് ടൂർണമെന്റുകളിൽ നിന്ന് ട്രാൻസ് താരങ്ങൾക്ക് താത്കാലിക വിലക്കേർപ്പെടുത്തി അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ. . വനിതകളായി മാറുന്ന പുരുഷ താരങ്ങൾക്ക് വനിത ടൂർണമെന്റുകളി‍ൽ പങ്കെടുക്കാൻ നിലവിൽ കഴിയില്ല. ഇക്കാര്യത്തിൽ പുതിയ നിയമം ഉണ്ടാകും. അതിന് ശേഷം മാത്രമായിരിക്കും ട്രാൻസ് താരങ്ങൾക്ക് വനിത ടൂർണമെന്റുകളിൽ പങ്കെടുക്കാൻ കഴിയുകയെന്നും ചെസ് ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.

ട്രാൻസ് താരങ്ങൾക്കായുള്ള പുതിയ നിയമം രണ്ട് വർഷത്തിനുള്ളിൽ ഇറങ്ങുമെന്നാണ് സൂചന. എന്നാൽ ട്രാൻസ് താരങ്ങൾക്ക് ചെസ് കളിക്കുന്നതിൽ വിലക്കില്ല എന്നും ചെസ് ഫെഡറേഷൻ അറിയിച്ചു. പുരുഷന്മാരായി മാറിയ വനിതകൾക്ക് പുരുഷ വിഭാ​ഗത്തിൽ തന്നെ മത്സരിക്കാൻ കഴിയും. എന്നാൽ ഇവർ നേരത്തെ വനിതകളായി മത്സരിച്ച് നേടിയ ചാമ്പ്യൻഷിപ്പുകൾ തിരിച്ചെടുക്കുവാനും നിയമത്തിൽ പറയുന്നു.

നിയമത്തിനെതിരെ ട്രാൻസ് താരങ്ങളിൽ നിന്ന് വിമർശനം ശക്തമാകുകയാണ്. പുരുഷനോ സ്ത്രീയോ ആയിരിക്കുമ്പോൾ ചെസിൽ യാതൊരു അനുകൂല്യവും ലഭിക്കുന്നില്ലെന്ന് ട്രാൻസ്ജെൻഡർ ജേർണലിസ്റ്റും ചെസ് താരവുമായ അന വാലെൻസ് പറഞ്ഞു. സമാനമായി അന്താരാഷ്ട്ര സൈക്കിളിങ് യൂണിയനും അത്‌ലറ്റിക്‌സ്, സ്വിമ്മിങ് ഫെഡറേഷനും ട്രാൻസ് താരങ്ങൾക്ക് വനിത ടൂർണമെന്റുകളിൽ നിന്ന് വിലക്കേർപ്പെടുത്തി.