സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു
ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. ക്യാൻസർ ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നു. ഭാര്യ നാദിൻ സ്ട്രീക്കാണു മരണ വിവരം സ്ഥിരീകരിച്ചത്.
ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന് ദിവസങ്ങൾക്ക് മുമ്പ് അന്തർദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയത് കായികലോകത്ത് വലിയ വിവാദമായിരുന്നു. പിന്നാലെ സ്ട്രീക്ക് തന്നെ നേരിട്ട് രംഗത്തെത്തി തൻറെ മരണവാർത്ത നിഷേധിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് ആളുകൾ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്നും താൻ അർബുദത്തിൽ നിന്ന് തിരിച്ചുവരികയാണെന്നും സ്ട്രീക്ക് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ആരോഗ്യം കൂടുതൽ മെച്ചപ്പെട്ടുവെന്നും ചികിൽസയുടെ ചെറിയ ബുദ്ധിമുട്ടുകളൊഴിച്ചാൽ സുഖമായിരിക്കുന്നുവെന്നും സ്ട്രീക്ക് പറഞ്ഞിരുന്നു.
1990കളിലും 2000-മാണ്ടിൻറെ ആദ്യ പകുതിയിലും സിംബാബ്‌വെ ക്രിക്കറ്റിലെ സൂപ്പർ താരമായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി 4933 റൺസും 455 വിക്കറ്റുകളും വീഴ്ത്തിയ സ്ട്രീക്ക് സിംബാബ്‌വെ കണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിലൊരാൾ കൂടിയാണ്. 2005ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച സ്ട്രീക്ക് പരിശീലകനായി വിവിധ ടീമുകൾക്കൊപ്പം പ്രവർത്തിച്ചു. സിബാബ്‌വെക്കായി ഏറ്റവും കൂടുതൽ രാജ്യാന്തര വിക്കറ്റുകൾ നേടിയ പേസർ കൂടിയായ സ്ട്രീക്ക് ടെസ്റ്റിൽ 100 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ഏക സിംബാബ്‌വെ ബൗളറുമാണ്. 2000 മുതൽ 2004വരെ സിംബാബ്‌വെ നായകനായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റിൽ 216 വിക്കറ്റും 189 ഏകദിനങ്ങളിൽ നിന്ന് 239 വിക്കറ്റും വീഴ്ത്തി. 73 റൺസ് വഴങ്ങി ആറ് വിക്കറ്റെടുത്താണ് ടെസ്റ്റിലെ മികച്ച ബൗളിംഗ് പ്രകടനം. ഏകദിനത്തിൽ 32 റൺസ് അഞ്ച് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളിംഗ്.