Tuesday , 29 September 2020
News Updates

ജീവിച്ചിരിക്കുന്നവരെ ചരമക്കോളത്തിൽ കയറ്റുന്ന നാടൻ കൊല്ലികൾ

ആർ.ധർമ്മൻ

actor-jishnu-1

നേര് പറയലാണ്; നേരത്തെ പറയലല്ലാ മാധ്യമ പ്രവർത്തനമെന്ന് മലയാളത്തിലെ മാധ്യമ സമൂഹത്തോട് വീണ്ടും വീണ്ടും പറയേണ്ട സ്ഥിതിയിലാണ് കാര്യങ്ങൾ. കാള പെറ്റെന്ന് കേട്ടാൽ കയറെടുക്കാൻ ഓടുന്ന മര മസ്തിഷ്‌ക്കങ്ങളാണോ ഈ രംഗത്തുള്ളതെന്ന് പേർത്തും പേർത്തും സംശയിച്ച് പോകും ചിലത് കാണുമ്പോൾ. ജീവിച്ചിരിക്കുന്നവരെ പരേതരാക്കുന്ന മൃഗയാ വിനോദത്തിന് ഇനിയും ഒരന്ത്യമുണ്ടാകുന്നില്ലല്ലോ എന്നതും സങ്കടകരമാണ്. നടൻ ജിഷ്ണു മരണാസന്നനാണെന്നും കേരളം മുഴുവൻ പ്രാർത്ഥനയിലാണെന്നും ഒരു ഓൺലൈൻ മാധ്യമം വെറുതേ വിളിച്ചു പറഞ്ഞപ്പോൾ വാർത്തകളോട് ഇഷ്ടമുള്ളവർ ഒരു തവണ കൂടി കബളിപ്പിക്കപ്പെടുകയായിരുന്നു. അത് വ്യാജ വാർത്തയാണെന്ന് ജിഷ്ണു തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. ജീവിച്ചിരിക്കുന്നവരെ ചരമക്കോളത്തിൽ കയറ്റുന്ന ഈ ഏർപ്പാട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നതാണ് സത്യം.

വിവരങ്ങൾ വിശദമായറിയാൻ പത്രങ്ങളെ മാത്രം ആശ്രയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. വാർത്തകളുടെ കൂട്ടത്തിൽ പ്രമുഖരുടെ മരണങ്ങൾ മാത്രം വന്നിരുന്ന അക്കാലത്ത് സാധാരണക്കാരുടെ ചരമം ആരും ശ്രദ്ധിക്കാതെ കടന്നുപോയി. എന്നാൽ പിൽക്കാലത്ത് മലയാളത്തിലെ പത്രങ്ങൾ സാധാരണക്കാരുടെ മരണവും വാർത്തയാക്കാൻ തുടങ്ങി. അങ്ങനെയാണ് ചരമക്കോളം നമുക്ക് പരിചിതമാകുന്നത്.

പത്രലോകത്തിന് തന്നെ അതൊരു പുതിയ പ്രവണതയായിരുന്നു. ഒരു മരണവും അങ്ങനെ ചെറുതല്ലാതായി. ആരു മരിച്ചാലും നാട്ടിലെല്ലാവരും അറിയുന്ന സ്ഥിതിയുണ്ടായി. സാധാരണക്കാരുടെ മരണം പ്രസിദ്ധീകരിക്കുന്ന ചരമ പേജ് എന്ന സമ്പ്രദായം മലയാളത്തിലല്ലാതെ ലോകത്തെവിടെയും ഉണ്ടോ എന്ന് ഇപ്പോഴും സംശയമുണ്ട്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പിൽക്കാൽത്ത് അത് വഴി ഒരു ദുശീലം മലയാള മാധ്യമപ്രവർത്തനത്തിന്റെ ഭാഗമാവുകയായിരുന്നു. ജീവിച്ചിരിക്കുന്നവരെ പ്രതികാരത്തിനായി ചരമപേജിൽ കയറ്റുക എന്നതായിരുന്നു ആ ദുശീലം. പത്ര ഏജന്റുമാർ മുതൽ ലോക്കൽ റിപ്പോർട്ടർമാർ വരെ തങ്ങളുടെ ശത്രുക്കളുടെ മരണവാർത്ത നൽകി അവരെ ചരമപ്പേജിൽ കയറ്റി. ഇത് വ്യാപകമായതോടെ പത്രങ്ങൾ വലിയതോതിലുള്ള നിയന്ത്രണങ്ങൾ കൊണ്ടു വന്നു. മരണവാർത്ത സ്ഥിരീകരിക്കാതെ നൽകില്ല എന്ന നില വന്നു.

പിന്നീട് ചാനലുകളുടെ ഊഴമായിരുന്നു. പലരേയും ചാനലുകൾ മരിച്ചവരുടെ കൂട്ടത്തിൽ പെടുത്തി ടെലിവിഷനിലടച്ചു. പ്രമുഖരുടെ മരണ വാർത്തകൾ മാത്രമേ ചാനലുകളിൽ വരാറുളളു എന്നതിനാൽ സാധാരണക്കാർക്ക് സ്വന്തം ചിത്രം ടിവിയിൽ കണ്ട് നിർവൃതിയടയാൻ അവസരം കിട്ടിയിട്ടില്ല. സിനിമാ താരങ്ങളേയും സാഹിത്യകാരൻമാരെയും എന്തിന് രാഷ്ട്രപതിയെ പോലും ചാനലുകൾ ഈ വിധം ചരമക്കോളത്തിൽ കയറ്റിയിട്ടുണ്ട്.

രാഷ്ട്രപതി സ്ഥാനത്ത് നിന്ന് വിരമിച്ച കെ.ആർ നാരായണൻ ന്യൂഡൽഹിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ നാഷണൽ ബ്രേക്കിംഗുമായി മലയാളത്തിലെ ചില ചാനലുകൾ എത്തി. കെ.ആർ നാരായണൻ അന്തരിച്ചു എന്നതായിരുന്ന വാർത്ത. ദൂരദർശനോ, ദേശീയ ചാനലുകളോ വാർത്ത നൽകും മുൻപേ തന്നെ ഇവിടെ അനുസ്മരണങ്ങൾ ആരംഭിച്ചു.

ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ കൊച്ചിൻ ഫനീഫയെയും ചാനലുകൾ ചരമക്കോളത്തിൽ കയറ്റിയിരുന്നു. നടി കനക, യു.ആർ.അനന്തമൂർത്തി എന്നിങ്ങനെ പട്ടിക നീളുകയാണ്. മറ്റാരും കൊടുക്കും മുൻപ് തങ്ങളിലൂടെ ലോകം ആ വിവരം അറിയണം എന്ന ആവേശത്തിനപ്പുറം ഇവരോടുള്ള ശത്രുതയാകാൻ വഴിയില്ല വ്യാജ വാർത്തകൾ ഉണ്ടാകുന്നതിന് പിന്നിൽ.

നടൻ ജിഷ്ണു മരണാസന്നൻ ആണെന്നും അതീവ ഗുരുതരനിലയിൽ തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണെന്നും മറുനാടൻ മലയാളി എന്ന വാർത്താ പോർട്ടലാണ് വാർത്ത നൽകിയത്. ചാനലുകളിൽ നിന്ന് ഓൺലൈൻ മാധ്യമങ്ങൾ ചരമക്കോളത്തിന്റെ ബാറ്റൺ ഏറ്റെടുത്തോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

ജിഷ്ണു വീട്ടിൽ വിശ്രമത്തിൽ; വാർത്ത വ്യാജം

തിരുവനന്തപുരം ശ്രീചിത്രയിൽ റേഡിയേഷൻ ചികിത്സയ്ക്ക് വിധേയനായ ശേഷം കുറവൻകോണത്തെ വീട്ടിൽ വിശ്രമിക്കുകയാണ് ജിഷ്ണു. താൻ മരണാസന്നനായി കിടക്കുന്ന എന്ന വാർത്ത കണ്ട് വീട്ടിലിരുന്ന ജിഷ്ണു ഞെട്ടി എന്നാണ് സുഹൃത്തുകൾ പറയുന്നത്. വാർത്ത വ്യാജമാണെന്ന് കാണിച്ച് അദ്ദേഹം ഉടൻ തന്നെ തന്റെ ഫേസ്ബുക്ക് പേജിൽ ഒരു പോസ്റ്റിടുകയും ചെയ്തു.

ഒരു വർഷം മുൻപ് ബാംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സമയത്ത് ജിഷ്ണു അറിയാതെ ആശുപത്രി ജീവനക്കാർ എടുത്ത ചിത്രവും മറുനാടൻ നൽകിയിരുന്നു. ഒരു രോഗിയുടെ ചിത്രം അങ്ങനെയുള്ള അവസ്ഥയിൽ എടുക്കാമോ എന്ന ചോദ്യം പ്രസക്തമാണ്. അതിനെതിരെ ജിഷ്ണു നിയമനടപടികൾ സ്വീകരിക്കും എന്നാണറിവ്. വിവരദോഷത്തിന്റെ അസുഖമുള്ള ആരെങ്കിലും അതെടുത്താൽ തന്നെ ഒരു മാധ്യമസ്ഥാപനം അത് പ്രസിദ്ധീകരിക്കാമോ എന്ന ചോദ്യമാണ് അതിലും പ്രസക്തമായത്.

ചിത്രം കണ്ടിട്ട് ഉള്ളു നുറുങ്ങുന്ന വേദന തോന്നിയെന്നാണ് ജിഷ്ണുവിന്റെ അമ്മ പറഞ്ഞത്. തീവ്രപരിചരണ വിഭാഗത്തിൽ കിടക്കുമ്പോഴുള്ള ആ അവസ്ഥ ബന്ധുക്കൾ പോലും കണ്ടിരുന്നില്ലത്രേ. കുറച്ച് ദിവസമായി പുകവലിക്കെതിരായ പ്രചരണം എന്ന നിലയിലുള്ള കുറിപ്പുമായി ഈ ചിത്രം ഫേസ്ബുക്കിൽ പ്രചരിച്ചിരുന്നു. പുകവലിക്കുന്നവരുടെ ഗതി ഇതാകും എന്ന രീതിയിലായിരുന്നു ആ പോസ്റ്റ്. അതിൽ നിന്നാകും മറുനാടൻ മലയാളി ജിഷ്ണുവിന്റെ രോഗാവസ്ഥ എന്ന കഥ മെനഞ്ഞെടുത്തത്.
ജിഷ്ണുവിന്റെ രോഗാവസ്ഥ; വ്യാജ വാർത്തക്കെതിരെ സിനിമാ താരങ്ങളും

ഓൺലൈൻ മാധ്യമങ്ങൾക്കിടെയിൽ മത്സരം മുറുകുന്നതിന്റെ ലക്ഷണമാകാം ഇത്തരം വാർത്തകളുടെ ഉത്ഭവം. പക്ഷെ അതിൽ വേദനിക്കുന്നവരുടെ മനസ് കാണാതിരുന്നു കൂടാ. പത്രങ്ങളുടെയും ചാനലുകളുടെയും അനുഭവങ്ങളിൽ നിന്ന് മലയാളത്തിലെ പുത്തൻ മാധ്യമങ്ങൾ ഒന്നും പഠിക്കുന്നില്ല എന്നാണോ..? അങ്ങനെയെങ്കിൽ ന്യൂമീഡിയ എന്ന പേരിന് അവർ അർഹരല്ലാതാകും. വിരോധമുള്ളവരെ ചരമക്കോളത്തിൽ കയറ്റിയ പഴയ നാടൻ കൊല്ലികളുടെ നില തന്നെ വരും അവർക്കും.

Topics:

DONT MISS