XUV 700ന്‍റെ കിടിലൻ വിശേഷങ്ങൾ അറിയാം

 | 
MAHINDRA XUV700


ഇന്ത്യൻ നിരത്തിലെ പുതിയ തരം​ഗമാകുവാൻ എത്തുകയാണ് മഹീന്ദ്രയുടെ പുതിയ XUV 700 എന്ന 5/7 സീറ്റർ എസ്.യു.വി. നേരത്തെ അറിയിച്ചതിൽ നിന്നും രണ്ടുമാസം മുന്നേ തന്നെ മ​ഹീന്ദ്ര ഈ വണ്ടിയെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു. നേരത്തെ പുതുതലമുറ XUV 500 ആയി പ്ലാൻ ചെയ്ത വണ്ടിയാണ് പിന്നീട് പദ്ധതി മാറ്റി 700 ആയി ഇറക്കുന്നത്. 

പെട്രോൾ, ഡിസൽ എന്നീ ഓപ്ഷനുകളില്‍ മഹീന്ദ്ര xuv 700 ലഭ്യമാണ്. അ‍ഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനവും ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളും വണ്ടിയുടെ പ്രത്യേകതയാണ്. എസ്.യു.വികൾക്കായി മഹീന്ദ്ര നേരത്തെ പുതിയ ലോ​ഗോ അവതരിപ്പിച്ചിരുന്നു. അതുമായി ഇറങ്ങുന്ന ആദ്യ വണ്ടിയായിരിക്കും ഇത്.

വണ്ടിയുടെ ഇപ്പോൾ അറിയുന്ന എക്സ്- ഷോറൂം വില 11.99 ലക്ഷം മുതല്‍ 14.99 ലക്ഷം വരെയാണ്. ന​ഗരങ്ങൾക്ക് അനുസരിച്ച് വ്യത്യാസം വരാം.

ഹുണ്ടായി ക്രറ്റ, കിയ സെൽറ്റോസ്, എംജി ഹെക്ടർ തുടങ്ങിയവക്ക് മുകളിലാണ് വണ്ടി പ്ലേസ് ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ ടാറ്റ സഫാരി, ഹുണ്ടായിയുടെ അൽകാസർ, എംജി ഹെക്ടർ പ്ലസ് എന്നിവയോടാണ് വണ്ടി മത്സരിക്കുന്നത്. 

MX, അഡ്രിനോX എന്നീ സീരിസുകളിലാണ് വണ്ടി ഇറങ്ങുന്നത്. മുന്നിലെ കറുത്ത ​ഗ്രില്ലും അതിലെ പുതിയ ലോ​ഗോയും മനോഹരമാണ്. പ്രീമിയം കാറുകളുടേതിന് സമാനമായ ഫ്ലാഷ് ഫിറ്റിം​ഗ് ​ഡോർ ഹാൻിലും സ്പോട്ടിയായിട്ടുള്ള ടെയിൽ ലാമ്പും വണ്ടിക്ക് വേറിട്ട ഭം​ഗി നൽകുന്നു. അകത്തേക്ക് നോക്കിയാൽ ഇരട്ടനിറത്തിലുള്ള കാബിനും മുന്തിയ അപ്പോൾസ്റ്ററിയുമാണ് ഉള്ളത്. പത്ത് ‍ഇഞ്ച് ഡിസ്പ്ലേയാണ് കാറിനകത്തുള്ളത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, അലക്സ എന്നിവ സപ്പോർട്ട് ചെയ്യുന്ന സംവിധാനമാണ് വാഹനത്തിനുള്ളത്. വയലർലസ് ചാർജിം​ഗ് സംവിധാനവും സോണിയുടെ ഓഡിയോ സംവിധാനവും xuv700ൽ ഉണ്ട്. 

MAHINDRA

ഇന്ത്യൻ പാതകൾക്ക് അനുസൃതമായിട്ടാണ് എല്ലാ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നതെന്ന് മ​ഹീന്ദ്ര അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് വണ്ടിയുടെ റഡാർ, ക്യാമറ സംവിധാനങ്ങൾ. നാല് ടയറുകളിലുമായി പതിനെട്ട് ഇഞ്ച് അലോയിയും ഡിസ്ക്ക് ബ്രേക്ക്  സംവിധാനവും ഉണ്ട്. സിപ്പ്, സാപ്പ്, സൂം, കസ്റ്റം എന്നീ നാല് ഡ്രൈവിം​ഗ് മോഡുകൾ ഉണ്ട്. ടോപ് മോഡലിലാണ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം ഉണ്ടാവുക. 

എ‍ഞ്ചിന്റെ കാര്യമെടുത്താൽ, രണ്ട് ലിറ്ററിൽ നാല് സിലണ്ടറുള്ള ടർബോ പെട്രോൾ എഞ്ചിനായ Mസ്റ്റാലിയണും, 2.2 ലിറ്ററിൽ നാല് സിലണ്ടറുള്ള ഡീസല്‍  Mഹോക്കുമാണ് ഉള്ളത്. ഡീസൽ എഞ്ചിനിൽ രണ്ട് വേരിയെന്റ് ഉണ്ട്. 155hp, 185hp എന്നിവ. ഓട്ടോമാറ്റിക്ക് ​ഗിയർ ബോക്സാണ് 185hp, 420Nmൽ വരുന്നത്. 6 സ്പീഡ് ​ഗിയറുള്ള വാഹനത്തിന്റെ പ്രെട്രോൾ വേരിയന്റ് പുജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗതയിലേക്ക് അഞ്ച് മിനിറ്റിലെത്തുമെന്നും കമ്പനി അവകാശപ്പെടുന്നു. 

CAR

സുരക്ഷാ കാര്യത്തിലും കമ്പനി വിട്ടുവീഴ്ച്ച ചെയ്തിട്ടില്ല. ഫോർവേർഡ് കൊളീഷൻ വാണിം​ഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിം​ഗ്, ലൈൻ ഡിപ്പാർച്ചർ വാണിം​ഗ്, ലൈൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, സ്മാർട്ട് പൈലറ്റ് അസിസ്റ്റ്, ട്രാഫിക്ക് സൈൻ റെക്ക​ഗനേഷൻ, ​ഡൈവർ ​ഡ്രോസിനെസ്സ് റെക്ക​ഗനേഷൻ എന്നീ സംവിധാനങ്ങൾ ഈ വാഹനത്തിലുണ്ട്. ഏഴ് എയർ ബാ​ഗുകൾ, എബിഎസ്, ഇഡിബി, സ്പീഡ് വർദ്ധിക്കുമ്പോൾ ശബ്ദം വഴിയുള്ള മുന്നറിയിപ്പ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതിനൊപ്പം ഉണ്ട്.