താലിബാന്‍ കാലത്തെ സ്ത്രീകള്‍
അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്നും വളരെ അകലെയല്ലാതെയാണ് ഈ ലേഖനം എഴുതുന്ന സമയത്ത് താലിബാന്‍ നിലയുറപ്പിച്ചിരിക്കുന്നത്. അധികം സമയം വേണ്ട താലിബാന് കാബൂള്‍ കീഴടക്കാന്‍. അഫ്ഗാന്‍ സൈന്യത്തിന് ഇപ്പോള്‍ പരാജയപ്പെട്ടവന്റെ മനസാണ്. പല പട്ടണങ്ങളും ചെറുത്തു നില്‍പ്പ് പോലുമില്ലാതെ അവര്‍ താലിബാന് അടിയറവച്ചു. രാജ്യത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തേയും മൂന്നാമത്തേയും പട്ടണങ്ങളെല്ലാം താലിബാന്‍ പിടിച്ചെടുത്തു കഴിഞ്ഞു. 2001ലെ സെപ്തംബര്‍ 11 ആക്രമണത്തിന് ശേഷം അമേരിക്ക നടത്തിയ അഫ്ഗാനിലെ സൈനീക നടപടി യാതൊരു ഫലവുമില്ലാതെ പകുതിയില്‍ അവസാനിപ്പിക്കുമ്പോള്‍ സംഭവിക്കുന്നത് ഒരു രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടലാണ്. അധികം താമസിയാതെ താലിബാന്‍ അഫ്ഗാന്‍ ഭരണം ഏറ്റെടുക്കും. വീണ്ടും കടുത്ത യാഥാസ്ഥിതിക നിയമങ്ങള്‍ രാജ്യത്ത് തിരികെയെത്തും. നൂറുശതമാനം മതകേന്ദ്രീകൃത- പുരുഷാധിപത്യ സമൂഹമായി ഈ രാജ്യം മാറും. ഇവിടുത്തെ ആണുങ്ങള്‍ അതുമായി ഒത്തുപോയേക്കും. പക്ഷെ അഫ്ഗാനിലെ സ്ത്രീകളെക്കുറിച്ച് നമുക്ക് ഈ അവസരത്തില്‍ കൂടുതല്‍ പറയേണ്ടി വരും. കാരണം ഏറ്റവുമധികം ദുരിതമനുഭവിക്കാന്‍ പോകുന്നത് അവരായിരിക്കും.
സോവിയറ്റ് അമേരിക്കന്‍ അധിനിവേശങ്ങള്‍, താലിബാന്‍ തീവ്രവാദികളുടെ കാടന്‍ ഭരണം. കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയില്‍ അഫ്ഗാന്‍ ഇതിനിടയിലൂടെയാണ് സഞ്ചരിച്ചു വന്നത്. എന്നാല്‍ ഈ അമ്പതുവര്‍ഷങ്ങള്‍ക്കിടയില്‍ ഏറ്റവും ബുദ്ധിമുട്ടിയത് ഇവിടുത്തെ സ്ത്രീകളാണ്. നിരവധി തരത്തിലുള്ള ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമാണ് ഇവര്‍ വിധേയരായത്. നമുക്ക് ആദ്യം ഇത്തിരി പഴയ കഥയിലേക്ക് പോകാം. അഫ്ഗാന്‍ സ്ത്രീകളുടെ സന്തോഷത്തിന്റെ കാലഘട്ടത്തിലേക്ക്.
അഫ്ഗാന്‍ സ്ത്രീകളുടെ സുവര്‍ണ്ണകാലം
അഫ്ഗാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയായ ഹോരിയാ മൊസാദേക്ക് ആംനസ്റ്റി ഇന്റര്‍നാഷ്ണലുമായി സംസാരിച്ചിടത്തു നിന്നും തുടങ്ങാം. ''എന്റെ ചെറുപ്പകാലത്ത് അമ്മ മിനി സ്‌ക്കെര്‍ട്ട് ധരിച്ച് ഞങ്ങളെ സിനിമക്ക് കൊണ്ടുപോയിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. എന്റെ ആന്റി അന്ന് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയായിരുന്നു''. ഈ ചിത്രം തന്നെ അഫ്ഗാന്‍ സ്ത്രീകളുടെ സ്വാതന്ത്രത്തേയും ജീവിത നിലവാരത്തേയും കുറിച്ച് സംസാരിക്കും.
1970വരെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുളള ഒരു സമൂഹമായിരുന്നു അഫ്ഗാനിസ്ഥാനിലേത്. 1919 മുതല്‍ തന്നെ അഫ്ഗാന്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നു. ബ്രിട്ടനില്‍ സ്ത്രീ വോട്ടവകാശം വന്നിട്ട് ഒരു വര്‍ഷമേ ആയിട്ടുണ്ടായിരുന്നുള്ളൂ അപ്പോള്‍. അമേരിക്കയില്‍ അന്നും സ്ത്രീകള്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. അതിന് പിന്നേയും ഒരു വര്‍ഷമെടുത്തു. 1950ല്‍ ലിംഗ വിവേചനം നിര്‍ത്തലാക്കിയ രാജ്യം. 1960കളില്‍ തന്നെ ജീവിതത്തിന്റെ വിവിധ തുറകളില്‍ സ്ത്രീകള്‍ക്ക് സമത്വം ഏര്‍പ്പെടുത്തിക്കൊണ്ട് ഭരണഘടനാ ഭേദഗതി കൊണ്ടുവന്ന രാജ്യം. രാഷ്ട്രീയത്തില്‍ പോലും തുല്യത കൊണ്ടുവന്ന രാജ്യം. അത്ഭുതപ്പേടേണ്ട, 1970ന് മുന്നേയുള്ള അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്തെ പറ്റിത്തന്നെയാണ് പറയുന്നത്.
എന്നാല്‍ പിന്നീട് സോവിയറ്റ് അധിനിവേശ സമയത്തും മുജാഹിദുകള്‍ രാജ്യത്ത് ശക്തിപ്രാപിച്ച സമയത്തും താലിബാന്‍ ഭരണത്തിന്‍ കീഴിലേക്ക് രാജ്യം പോയപ്പോഴും സ്ത്രീ സ്വാതന്ത്ര്യം ചുരുങ്ങി ചുരുങ്ങി ഇന്നത്തെ നിലയിലെത്തി.
താലിബാന്‍ കാലം
പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ച മുജാഹിദ് പോരാളികള്‍ ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യം നടപ്പാക്കുകയും താലിബാന്‍ എന്ന പേരുമായി അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുക്കുകയും ചെയ്തു. 1996 മുതല്‍ 2001 വരെ താലിബാന്റെ നേരിട്ടുള്ള ഭരണത്തിന് കീഴിലായിരുന്നു അഫ്ഗാനിസ്ഥാന്‍ മുഴുവന്‍. 2001ല്‍ പിന്നീട് ഭരണം പോയെങ്കെലും പലയിടങ്ങളിലും താലിബാന്‍ പ്രഭാവം തുടര്‍ന്നുപോന്നു. ഈ ഭരണാകാലഘട്ടത്തില്‍ ഏറ്റവും ദുരുതിമനുഭിച്ച അഫ്ഗാന്‍ സ്ത്രീകളുടെ അവസ്ഥകളെപ്പറ്റി നമുക്ക് ചിന്തിക്കാന്‍ പോലുമാകില്ല. സ്ത്രീയായി ജനിക്കുന്നത് പോലും കുറ്റമായി മാറിയ കാലഘട്ടം. ഇസ്ലാമിക നിയമമായ ശറിയ താലിബന്‍ തീവ്രവാദികളിലൂടെ കൂടുതല്‍ ശക്തമായി പ്രയോഗിക്കപ്പെട്ടു. സ്‌ക്കൂളില്‍ പോകുന്നതില്‍ നിന്നും പഠിക്കുന്നതില്‍ നിന്നും പെണ്‍കുട്ടികള്‍ വിലക്കപ്പെട്ടു. ജോലി ചെയ്യാന്‍ പാടില്ല, പുരുഷന്റെ തുണയില്ലാതെ വീട്ടില്‍ നിന്നും പുറത്തുപോകാന്‍ പാടില്ല, ശരീരത്തിന്റെ യാതൊരു ഭാഗവും മറ്റ് പുരുഷന്‍മാര്‍ കാണാന്‍ പാടില്ല, പുരുഷ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്താന്‍ പാടില്ല, പൊതു ഇടങ്ങളില്‍ സംസാരിക്കാനോ രാഷ്ട്രീയത്തില്‍ ഇടപെടാനോ പാടില്ല. നോക്കൂ 1960കളില്‍ നിന്നും 2000 ലേക്ക് എത്തുമ്പോള്‍ അഫ്ഗാന്‍ സ്ത്രീകള്‍ക്കുണ്ടായ ദുര്യോഗം. അവരെ സംബന്ധിച്ചിടത്തോളം ലോകം കീഴ്‌മേല്‍ മറിയുകയായിരുന്നു.
സ്ത്രീകള്‍ വീടുകള്‍ എന്ന തടവറയിലെ അന്തേവാസികളായിരുന്നു. കാബൂളില്‍ സ്ത്രീകളെ പുറത്തു കാണാതിരിക്കാന്‍ വീടുകളുടെ ജനലുകള്‍ കര്‍ട്ടണിട്ടു മറക്കാന്‍ ആവശ്യപ്പെട്ടു താലിബാന്‍. താലിബാന്‍ നിയമം അനുസരിക്കാത്ത സ്ത്രീകള്‍ക്ക് അതിക്രൂരമായ ശിക്ഷയും ഉണ്ടായിരുന്നു. ചാട്ടവാറടിയും, തല്ലും കല്ലെറിഞ്ഞു കൊലപ്പെടുത്തലുമൊക്കെ ആ ശിക്ഷ രീതിയുടെ ഭാഗമായിരുന്നു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ ലൈംഗീക അതിക്രമങ്ങളും ബലാല്‍സംഘവും നിത്യസംഭവങ്ങളായി. പെണ്‍കുട്ടികള്‍ പഠിക്കുന്നതിന്റെ പേരില്‍ അവരുടെ മുന്നില്‍ വച്ച് രക്ഷിതാക്കളെ കൊന്നുകളഞ്ഞ സംഭവം വരെയുണ്ടായി. ചെറിയ പെൺകുട്ടികളെപ്പോലും താലിബാൻ പോരാളികളെക്കൊണ്ട് നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്ന വാർത്തകൾ പുറത്തുവന്നു.
അമേരിക്കന്‍ ഇടപെടല്‍ 2001
2001ല്‍ അമേരിക്കന്‍ ഇടപെടലിന് ശേഷം ചെറിയ മാറ്റങ്ങള്‍ വന്നു തുടങ്ങി. സ്‌ക്കൂളുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. 2003ല്‍ പുതിയ ഭരണഘടന വന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നിയമങ്ങള്‍ വന്നു. എന്നാലും താലിബാനും മറ്റ് തീവ്രവാദി ഗ്രൂപ്പുകള്‍ക്കും സ്വാധീനമുള്ള നിരവധി മേഖലകള്‍ രാജ്യത്ത് ഉണ്ടായിരുന്നു. ഇവിടെയെല്ലാം ആളുകള്‍ ഭയന്നു ജീവിച്ചു. പെണ്‍കുട്ടികള്‍ പഠിക്കാന്‍ വരുന്ന സ്‌ക്കൂളുകള്‍ തീവ്രവാദികള്‍ ബോംബിട്ട് തകര്‍ത്തു. 2011 ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടം പിടിച്ച സ്ഥലമായി അഫ്ഗാന്‍ മാറി. പാശ്ചാത്യ രാജ്യങ്ങള്‍ പലകാര്യങ്ങള്‍ക്കും സഹായിച്ചെങ്കിലും അഫ്ഗാനിലെ സ്ത്രീകളുടെ അവസ്ഥ മാറിയില്ല. മാറ്റത്തിനായി ശ്രമിച്ചവര്‍, ചെറുത്തു നിന്നവര്‍ എല്ലാം താലിബാന്‍ തീവ്രവാദികളുടെ ക്രൂരതക്ക് വിധേയരായി. അമേരിക്കന്‍ ഇടപെടലിന്റെ ഇരുപത് വര്‍ഷമുള്‍പ്പടെ അമ്പത് ദുരിതവര്‍ഷങ്ങള്‍ക്ക് ശേഷം പ്രത്യാശയുടെ ഒരു കിരണം പോലും അഫ്ഗാന്‍ സ്ത്രീകള്‍ക്ക് മുന്നില്‍ തെളിയുന്നില്ല. കൂടുതല്‍ കിരാതമായ ജീവിത സാഹചര്യങ്ങളിലേക്ക് അവര്‍ പോകാനിരിക്കുന്നതേയുള്ളൂ.
അമേരിക്കന്‍ പിന്‍മാറ്റവും താലിബാന്‍ ആധിപത്യവും
ഡൊണാള്‍ഡ് ട്രംപിന് ശേഷം ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി വന്നതോടെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനീക പിന്‍മാറ്റം പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്ത് ശക്തിയായി തുടങ്ങിയ താലിബാന് അത് സുവര്‍ണ്ണാവസരമായിരുന്നു. ജൂലായ് മാസത്തില്‍ അഫ്ഗാനിസ്ഥാനിലെ കണ്ടഹാര്‍ പ്രവിശ്യ കീഴടക്കിയ ശേഷം താലിബാന്‍ പ്രവര്‍ത്തകര്‍ അവിടെയുളള അസീസി ബാങ്കിലേക്ക് കയറിവന്നു. എന്നിട്ട് അവിടെ ജോലിയില്‍ ഉണ്ടായിരുന്ന 9 പേരോട് ജോലിവിട്ടു പോകാനായി ആവശ്യപ്പെട്ടു. അവരെ വീടുവരെ തോക്കേന്തിയ താലിബാനികള്‍ അനുഗമിച്ചു. മേലാല്‍ ജോലിക്ക് വരാന്‍ പാടില്ല എന്ന ഉത്തരവും നല്‍കി. അവര്‍ക്ക് പകരം പുരുഷന്‍മാരായ ബന്ധുക്കള്‍ ജോലിനോക്കുമെന്നും താലിബാന്‍ പറഞ്ഞു. പലരും സ്വന്തമായി പഠിച്ചു ജോലി നേടിയവരാണ്. അവരോടാണ് ഒരു സുപ്രഭാതത്തില്‍ ഇനിമേല്‍ ജോലിചെയ്യരുതെന്ന് പറയുന്നത്. ഇത് അഫ്ഗാനില്‍ മുഴുവായും സംഭവിക്കാന്‍ പോകുന്നതിന്റെ ആദ്യ സൂചനകള്‍ മാത്രമാണ്. 1996 മുതല്‍ 2001 വരെ ഭരിച്ചതിലും മോശം തലത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. തൊഴിലിടങ്ങളും പൊതുവിടങ്ങളും സ്‌ക്കൂളുകളും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അന്യമാവും. അവര്‍ പുരുഷന്റെ ഉപകരണം മാത്രമായി മാറും.
ഇനിയെന്ത്?
അഫ്ഗാന്‍ സ്ത്രീകളുടെ മുന്നില്‍ ഉത്തരമില്ലാത്ത ഒരു ചോദ്യമാണ് ഇനിയെന്ത് എന്നത്. ലോകം ഞങ്ങളെ രക്ഷിക്കണമെന്ന് ഈ സ്ത്രീകള്‍ വിലപിക്കുകയാണ്. പക്ഷെ ആ വിലാപങ്ങളൊന്നും ആരുടേയും കാതില്‍ വീഴാന്‍ പോകുന്നില്ല. യാതൊരു ദയയുമില്ലാത്ത കാടന്‍മാരായ ഒരു കൂട്ടം മതഭ്രാന്തന്‍മാരുടെ ലൈഗീംകതയുടേയും ക്രൂരതകളുടേയും ഇരയാവാന്‍ പോവുകയാണ് അവര്‍. പ്രൗഢിയോടെ നിന്നിരുന്ന ഒരു രാജ്യത്തെ, പുരോഗമനപരമായി ചിന്തിച്ചിരുന്ന ഒരു രാജ്യത്തെ സ്ത്രീകള്‍ക്കാണ് ഈ അവസ്ഥ എന്നതാണ് ഏറ്റവും സങ്കടകരം. 1960കളിലെ തങ്ങളുടെ അമ്മമാരുടേയും അമ്മൂമ്മമാരുടേയും നല്ല കാലത്തെ ചിത്രങ്ങളും ഓര്‍മ്മകളും കണ്ട് ഈ ദുരിതകാലം കഴിച്ചുകൂട്ടുക എന്നതല്ലാതെ നിലവില്‍ അവരുടെ മുന്നിലൊരു വഴി തെളിയുന്നില്ല.