ബ്രഹ്‌മപുരം തീപിടിത്തത്തില്‍ ജില്ലാ കളക്ടര്‍ രേണു രാജിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

 | 
renuraj


ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ ജില്ലാ കളക്ടറെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കളക്ടര്‍ രേണു രാജിനെ കോടതി വിമര്‍ശിച്ചത്. തീപിടിത്തത്തില്‍ കളക്ടര്‍ക്ക് ഒഴിഞ്ഞു മാറാനാവില്ല. വെള്ളിയാഴ്ച വീണ്ടും ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. 

കളക്ടര്‍ രണ്ടു ദിവസം കൊണ്ട് തീ നിയന്ത്രിക്കുമെന്ന് പറഞ്ഞിരുന്നോയെന്നും പൊതുജനങ്ങള്‍ക്ക് എന്തു മുന്നറിയിപ്പാണ് നല്‍കിയതെന്നും കോടതി ചോദിച്ചു. പൊതുജന താല്‍പര്യത്തിനാണ് പ്രഥമ പരിഗണന. ഇന്നലെ രാത്രിയും തീയുണ്ടായി. പലര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്നും കോടതി പറഞ്ഞു. അതേസമയം തീപിടിത്തത്തിനു മുന്‍പു തന്നെ കോര്‍പറേഷന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കളക്ടര്‍ കോടതിയെ അറിയിച്ചു. 

ചൂടു കൂടുന്ന സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ്. തീയണയ്ക്കാന്‍ ജില്ലയ്ക്ക് പുറത്തുനിന്നുപോലും സഹായം തേടിയെന്നും കലക്ടര്‍ പറഞ്ഞു. നഗരത്തില്‍ കുന്നുകൂടിയ മാലിന്യം നീക്കാന്‍ എത്രസമയം വേണമെന്ന് കോടതി കോര്‍പറേഷനോട് ചോദിച്ചു. നാളെ മുതല്‍ മാലിന്യം ശേഖരിക്കാന്‍ തുടങ്ങുമെന്ന് കോര്‍പറേഷന്‍ അറിയിച്ചു. വീട്ടുപടിക്കല്‍ നിന്നും മാലിന്യം സംഭരിക്കുമെന്ന് തദ്ദേശ സെക്രട്ടറിയും അറിയിച്ചു.