പെരിയാര്‍ മലിനീകരണം; കരിമണല്‍ കര്‍ത്തായ്ക്കു വേണ്ടി വ്യാജവാര്‍ത്ത ചമച്ച് മംഗളവും കൗമുദിയും; മലിനീകരണമില്ലെന്ന് എഞ്ചിനീയര്‍ പറഞ്ഞതായി വാര്‍ത്ത; വാര്‍ത്ത നിഷേധിച്ച് എഞ്ചിനീയര്‍

കൊച്ചി: പെരിയാറില്‍ മലിനീകരണം നടത്തുന്ന കമ്പനിക്കെതിരേ റിപ്പോര്ട്ട് നല്കിയ മലിനീകരണ നിയന്ത്രണ ബോര്ഡ് എഞ്ചിനീയറെ ഉദ്ധരിച്ച് മംഗളം, കേരള കൗമുദി ദിനപ്പത്രങ്ങളില് വ്യാജ വാര്ത്ത. സിഎംആര്എല് കമ്പനി പെരിയാറില് മലിനീകരണം നടത്തി എന്ന കപട പരിസ്ഥിതി വാദികളുടെ ആരോപണം നിലനില്ക്കില്ലെന്ന് ബോര്ഡിന്റെ ഏലൂര് എഞ്ചിനീയര് തൃദീപ് പറഞ്ഞതായാണ് വാര്ത്ത. തങ്ങള് നടത്തിയ പരിശോധനയില് പെരിയാറില് അനുവദനീയമല്ലാത്ത ഒന്നും തന്നെ ഇല്ലെന്ന് തൃദീപ് പറഞ്ഞതായും റിപ്പോര്ട്ടില് പത്രങ്ങള് പറയുന്നു. ‘പെരിയാര് മലിനീകരണം; സിഎംആര്എലിന് എതിരായുള്ള ആരോപണം നിലനില്ക്കില്ല’ എന്ന തലക്കെട്ടിലുള്ള വാര്ത്ത അടിസ്ഥാനരഹിതമാണെന്ന് കാട്ടി എന്വയോണ്മെന്റല് എഞ്ചിനീയര് എം.പി.തൃദീപ് കുമാര് പത്രങ്ങളുടെ പത്രാധിപര്മാര്ക്ക് കത്തയച്ചു.
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും കരാര്‍ ജീവനക്കാരന്‍ സെബിന്‍ ജോയ് നിരീക്ഷണം നടത്തുക മാത്രമാണ് ചെയതതെന്നും തൃദീപ് പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നു. പെരിയാറിനോടു ചേര്‍ന്നു നില്‍ക്കുന്ന കാടുകള്‍ വെട്ടാത്തതിന് വിശദീകരണം മാത്രമാണ് ചോദിച്ചതെന്നും പാതാളത്ത് സ്ഥിരം ബണ്ടുള്ളതിനാല്‍ വ്യവസായ മേഖലയില്‍ നിന്നുള്ള മാലിന്യം കുടിവെള്ളത്തില്‍ കലരില്ലെന്നും പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
പരിസ്ഥിതിവാദികള്‍ എന്നു പറയുന്നവര്‍ വ്യവസായികളില്‍ നിന്ന് പണം തട്ടാനായി മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ കരുവാക്കുന്നതായി സംശയിക്കുന്നതായും ഇവര്‍ ഭൂരിപക്ഷവും കള്ളന്‍മാരാണെന്നും ചില പരിസ്ഥിതി വാദികള്‍ താന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ചൂഷണം ചെയ്യുന്നതായും തൃദീപ് പറഞ്ഞതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേശീയ ഹരിത ട്രിബ്യൂണല്‍, നീറി എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പെരിയാര്‍ മലിനീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് തൃദീപ് പറഞ്ഞതായുള്ള മറ്റൊരു ആരോപണം. എന്നാല്‍ ജനജാഗ്രത എന്ന പരിസ്ഥിതി സംഘടന നല്‍കിയ ഹര്‍ജിയില്‍ ഹരിത ട്രിബ്യൂണലിന്റെ കൊച്ചി ബെഞ്ച് പെരിയാര്‍ മലിനീകരിക്കപ്പെട്ടതായി നിരീക്ഷിച്ചിരുന്നു.എന്നാല്‍
മഴവെള്ള പൈപ്പുകള്‍ എന്ന പേരില്‍ പെരിയാറിലേക്ക് സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളിലൂടെ രാസമാലിന്യം ഒഴുക്കുന്നത് സെപ്റ്റംബര്‍ 23ന് രാത്രി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളും കണ്ടെത്തുകയും വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ബോര്‍ഡ് സിഎംആര്‍എല്‍ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
കമ്പനി പുഴ മലിനീകരണം നടത്തുന്നതായും പെരിയാര്‍ നിറം മാറിയൊഴുകുന്നതിനു കാരണമായ അയണ്‍ ഹൈഡ്രോക്‌സൈഡ് അടങ്ങിയ സെമോക്‌സ് എന്ന മാലിന്യത്തിന്റെ ഉറവിടം ഇവിടെനിന്നു തന്നെയാണെന്നും റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥന്റെ പേരിലാണ് വ്യാജവാര്‍ത്ത വന്നത്. മലിനീകരണത്തിന്റെ വാര്‍ത്ത ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഗുണ്ടകള്‍ മര്‍ദ്ദിച്ചതും വിവാദമായിരുന്നു.
തൃദീപ് നല്‍കിയ റിപ്പോര്ട്ട്
Also Read

