ഇന്ദിര ഗാന്ധിയുടെ വേഷത്തില്‍ കങ്കണ; പുതിയ പൊളിറ്റിക്കല്‍ ഡ്രാമ പ്രഖ്യാപിച്ച് താരം

ഇന്ദിര ഗാന്ധിയുടെ വേഷത്തിലുള്ള ഫോട്ടോഷൂട്ട് പുറത്തു വിട്ട് ബോളിവുഡ് താരവും ബിജെപി അനുകൂലിയുമായ കങ്കണ റണാവത്ത്.
 | 
ഇന്ദിര ഗാന്ധിയുടെ വേഷത്തില്‍ കങ്കണ; പുതിയ പൊളിറ്റിക്കല്‍ ഡ്രാമ പ്രഖ്യാപിച്ച് താരം

മുംബൈ: ഇന്ദിര ഗാന്ധിയുടെ വേഷത്തിലുള്ള ഫോട്ടോഷൂട്ട് പുറത്തു വിട്ട് ബോളിവുഡ് താരവും ബിജെപി അനുകൂലിയുമായ കങ്കണ റണാവത്ത്. പുതിയ സിനിമ പ്രഖ്യാപിച്ചു കൊണ്ടാണ് കങ്കണ ഈ ചിത്രം പുറത്തു വിട്ടിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണെന്നും തിരക്കഥയുടെ അവസാന ഘട്ടത്തിലാണെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ കങ്കണ വ്യക്തമാക്കി. എന്നാല്‍ ഇന്ദിരയുടെ വേഷത്തിലുള്ള ഫോട്ടോഷൂട്ട് ഈ ചിത്രത്തിനു വേണ്ടിയുള്ളതല്ല, 2010ല്‍ എടുത്തതാണെന്ന് താരം മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമ ഇന്ദിര ഗാന്ധിയുടെ ബയോപിക് ആയിരിക്കില്ല. ഒരു ഗ്രാന്‍ഡ് പീരിയഡ് ചിത്രമായിരിക്കും. സമകാലീന ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്റെ തലമുറയെ മനസിലാക്കിക്കുന്ന ഒന്നായിരിക്കും ഈ ചിത്രമെന്നും അവര്‍ പറഞ്ഞു. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തില്‍ താന്‍ ഇന്ദിര ഗാന്ധിയുടെ വേഷത്തില്‍ എത്തുമെന്നും കങ്കണ പറഞ്ഞു.

കങ്കണയുടെ ഉടമസ്ഥതയിലുള്ള മണികര്‍ണിക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സായ് കബീര്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് വെളിപ്പെടുത്തലെങ്കിലും ഏത് പുസ്തകമാണെന്ന വിവരവും താരം വ്യക്തമാക്കിയിട്ടില്ല.