199 രൂപയുടെ മൊബൈല്‍ പ്ലാന്‍ അവതരിപ്പിച്ച് നെറ്റ്ഫ്‌ളിക്‌സ്; വിശദാംശങ്ങള്‍

മുംബൈ: 199 രൂപ നിരക്കില് മൊബൈല്, ടാബ്ലറ്റ് പ്ലാന് അവതരിപ്പിച്ച് നെറ്റ്ഫ്‌ളിക്‌സ്. ഇന്ത്യന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ചെലവ് കുറഞ്ഞ പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. എസ്ഡി ഫോര്‍മാറ്റിലായിരിക്കും സ്ട്രീമിംഗ് ലഭ്യമാകുക. നിലവില്‍ 499 രൂപയാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ഏറ്റവും കുറഞ്ഞ പ്രതിമാസ പ്ലാന്‍. ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഡേറ്റ ഉപയോഗത്തിന്റെ വര്‍ദ്ധന കണക്കിലെടുത്താണ് നെറ്റ്ഫ്‌ളിക്‌സിന്റെ നീക്കം.
ഇന്ന് മുതല്‍ പ്ലാന്‍ ലഭ്യമാകും. ടിവിയില്‍ ഇതിന്റെ കാസ്റ്റിംഗ് ലഭ്യമാകില്ലെന്ന് നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചു. മൊബൈല്‍ ലോഗിനുകളുടെ കാര്യത്തില്‍ ലോകത്ത് മറ്റെവിടെയും ഇല്ലാത്ത വിധത്തില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. ഇതിന്റെ ആനുകൂല്യം മുതലെടുത്ത് മറ്റ് വീഡിയോ സ്ട്രീമിംഗ് ആപ്പുകളായ ആമസോണ്‍ പ്രൈം, ഹോട്ട്‌സ്റ്റാര്‍ എന്നിവയോട് മത്സരത്തിന് ഒരുങ്ങുകയാണ് നെറ്റ്ഫ്‌ളിക്‌സ്.
പുതിയ പ്ലാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ശേഷമാണ് ഇപ്പോള്‍ ഇന്ത്യയില്‍ അവതിരിപ്പിച്ചിരിക്കുന്നത്. പരീക്ഷണ കാലയളവില്‍ 250 രൂപയായിരുന്നു ഇതിന് ഈടാക്കിയിരുന്നത്. ഹോട്ട്‌സ്റ്റാര്‍ 299 രൂപയ്ക്കും ആമസോണ്‍ പ്രൈം തങ്ങളുടെ പ്രൈം മെമ്പര്‍മാര്‍ക്ക് 129 രൂപയ്ക്കും പ്രതിമാസ പ്ലാനുകള്‍ നല്‍കിയതോടെയാണ് നെറ്റ്ഫ്‌ളിക്‌സ് നിരക്ക് 199 രൂപയായി കുറച്ചത്.