ചാരവൃത്തി; ബ്രഹ്മോസ് മിസൈല് യൂണിറ്റിലെ ജീവനക്കാരന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ചാരവൃത്തി നടത്തിയതിന് ബ്രഹ്മോസ് മിസൈല് യൂണിറ്റിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. നാഗ്പൂരിലെ യൂണിറ്റില് ജോലി ചെയ്യുന്ന നിഷാന്ത് അഗര്വാളിനെയാണ് തീവ്രവാദ വിരുദ്ധ സംഘം (എ.ടി.എസ്) അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്തൊക്കെ വിവരങ്ങള് ചോര്ത്തിയെന്നത് സംബന്ധിച്ച വിവരങ്ങള് ഇതുവരെ ലഭ്യമായിട്ടില്ല. ക്രൂസ് മിസൈലുകളുമായി ബന്ധപ്പെട്ട നിര്ണായക വിവരങ്ങള് ചോര്ന്നതായിട്ടാണ് സംശയം.
നാളുകള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് നിഷാന്ത് അഗര്‍വാള്‍ അറസ്റ്റിലാകുന്നത്. ഇയാള്‍ക്ക് തീവ്രവാദ സംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുള്ളതായി സൂചനയുണ്ട്. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര എ.ടി.എസ് സംഘങ്ങളുടെ സംയുക്ത നീക്കത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. എ.ടി.എസിന്റെ രഹസ്യ കേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.
ബ്രഹ്മോസ് മിസൈലിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ഭൂരിഭാഗം വിവരങ്ങളും അറിയുന്ന വ്യക്തിയാണ് നിഷാന്ത്. നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താനായി മറ്റാരുടെയെങ്കിലും സഹായം ലഭ്യമായിട്ടുണ്ടോയെന്നും പരിശോധിക്കും. ഇയാള്‍ തീവ്രവാദികളുമായി എങ്ങനെ ബന്ധം സ്ഥാപിച്ചുവെന്നും അന്വേഷിക്കും.