ലളിത് മോഡിയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ഐ.പി.എൽ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ലളിത് മോഡിയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. മുംബൈ കോടതിയാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മോഡിയ്ക്കെതിരെ അന്വേഷണം നടത്തുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് നടപടി.
 | 

ലളിത് മോഡിയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

മുംബൈ: ഐ.പി.എൽ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ലളിത് മോഡിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. മുംബൈ കോടതിയാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മോഡിയ്‌ക്കെതിരെ അന്വേഷണം നടത്തുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് നടപടി.

കഴിഞ്ഞ ആഴ്ചയാണ് കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ ആവശ്യമുന്നയിച്ചത്. ഐ.പി.എൽ ടൂർണമെന്റുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ്, ടീമുകളുടെ ഉടമസ്ഥാവകാശം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ കാര്യങ്ങളിലാണ് ലളിത് മോഡിയ്‌ക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. അന്വേഷണം ആരംഭിച്ചതോടെ 2010ൽ രാജ്യം വിട്ട ലളിത് മോഡി ലണ്ടനിൽ അഭയം തേടിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി സമൻസുകൾ അയച്ചെങ്കിലും മോഡി പ്രതികരിച്ചില്ല. തുടർന്നാണ് മോഡിയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. പ്രത്യേക ജഡ്ജി പി.ആർ ഭാവകെയാണ് കേസ് പരിഗണിച്ചത്.

അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ മോഡിയെ ഇന്ത്യയിലെത്തിക്കാനുള്ള ലുക്ക് ഔട്ട് നോട്ടീസ് എൻഫോഴ്‌സ്‌മെന്റ് അധികൃതർ ഉടൻ പുറപ്പെടുവിക്കുമെന്നാണ് സൂചന.