ശ്രീലങ്കക്ക് രണ്ടാം വിജയം; നെതർലാൻഡ്സിനെതിരെ ചരിത്രവിജയവുമായി നമീബിയ

 | 
lanka

ട്വന്റി20 ലോകകപ്പ് ​ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്ക രണ്ടാം വിജയം സ്വന്തമാക്കി. നെതർലാൻ‍ഡ്സിനെ തോൽപ്പിച്ച് നമീബിയ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ചരിത്രമെഴുതി. സന്നാഹ മത്സരങ്ങളിൽ അഫ്​ഗാനിസ്ഥാൻ വെസ്റ്റിന്റീസിനേയും ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെയും തോൽപ്പിച്ചു.

തുടക്കത്തിലെ തകർച്ചയിൽ നിന്നും നിസം​​ങ്കയും ഹസരങ്കയും ചേർന്ന്  രക്ഷപ്പെടുത്തിയ മത്സരത്തിൽ അയർലാന്റിനെ 70 റൺസിനാണ് ശ്രീലങ്ക തോൽപ്പിച്ചത്. സ്കോർബോഡിൽ 8 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ മൂന്ന് വിക്കറ്റാണ് ശ്രീലങ്കക്ക് നഷ്ടമായത്. നേരിട്ട ആദ്യ പന്തിൽ തന്നെ കുശാൽ പെരേര പുറത്തായി. രണ്ടാം ഓവറിൽ 6 റൺസെടുത്ത ചന്ദിമല്ലും റണ്ണൊന്നുമെടുക്കാതെ അവിഷ്ക ഫെർണാണ്ടോയും ജോഷ്വ ലിറ്റിലിന് വിക്കറ്റ് നൽകി മടങ്ങി. എന്നാൽ പിന്നീട് നിസം​​ങ്കയും ഹസരങ്കയും 123 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ശ്രീലങ്കയെ കരകയറ്റി. നിസംങ്ക 47 പന്തിൽ 61ഉം ഹസരങ്ക 47 പന്തിൽ 71 റൺസും നേടി. 11 പന്തിൽ 21 റൺസെടുത്ത നായകൻ ധസുൻ ശനകയുടെ കൂടി മികവിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് ശ്രീലങ്ക നേടി. ജോഷ്വാ ലിറ്റിൽ നാല് വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിം​ഗിനിറങ്ങിയ അയർലാന്റിന് ശ്രീലങ്കൻ ബൗളിം​ഗിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 41 റൺസെടുത്ത നായകൻ ആൻഡ്രൂ ബാൽബിർനെയും 24 റൺസെ‌ടുത്ത കർട്ടിസ് കാംഫറും മാത്രമാണ് അൽപ്പമെങ്കിലും പൊരുതിയത്. 19-ാം ഓവറിൽ 101 റൺസിന് ടീം ഓൾ ഔട്ടായി. ശ്രീലങ്കക്ക് വേണ്ടി മഹേഷ് തീക്ഷണ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ആദ്യ ലോകകപ്പ് വിജയം സ്വന്തമാക്കിയ മത്സരത്തിൽ നമീബിയ നെതർലാൻഡ്സിനെ ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ഓപ്പണർ മാക്സ് ഡൗഡിന്റെ 56 പന്തിൽ നേടിയ 70 റൺസിന്റെ മികവിൽ 164 റൺസ് നേടി. ആക്കർമാൻ 35 റൺസും വിക്കറ്റ് കീപ്പർ സ്കോട്ട് എഡ്വാർഡ്സ്  21 റൺസും നേടി. 

ചേസിം​ഗ് തുടങ്ങിയ നമീബിയക്ക് 52 റൺസിനിടെ 3 വിക്കറ്റ് നഷ്ടമായെങ്കിലും നായകൻ ജെറാൾഡ് എറാസ്മസും പരിചയസമ്പന്നനായ താരം ഡേവിഡ് വൈസും വിജയത്തിലെത്തിച്ചു. വൈസ് 40 പന്തിൽ 66 റൺസ് നേടി. 

​ഗ്രൂപ്പ് എയിലെ രണ്ട് മത്സരവും ജയിച്ച ശ്രീലങ്ക സൂപ്പർ 12 ഉറപ്പിച്ചു. നമീബിയ - അയർലാന്റ് മത്സര വിജയിക്കും സൂപ്പർ 12 ൽ എത്താം. ​ഗ്രൂപ്പ് ബിയിൽ ഇന്ന് നടക്കുന്ന മത്സരങ്ങൾ ഏറെ നിർണ്ണായകമാണ്. രണ്ടും കളികളും ജയിച്ച സ്കോട്ട് ലാൻഡ് ഇന്ന് ആതിഥേയരായ ഒമാനെ നേരിടും. ഈ കളി ജയിച്ചാൽ ​ഗ്രൂപ്പ് ജേതാക്കളായി സ്കോട്ടിഷ് ടീം സൂപ്പർ 12ൽ എത്തും. ഒമാനും ബം​ഗ്ലാദേശും ഓരോ കളി വീതം ജയിച്ചിട്ടുണ്ട്. പാപ്വാ ന്യൂ​ഗിനിയെ നേരിടുന്ന ബം​ഗ്ലാദേശിന് ഈ കളി ജയിച്ചേ മതിയാവൂ. അല്ലാത്ത പക്ഷം അവർ പുറത്താവും. ഒരു ജയവും ഒരു തോൽവിയും ഉള്ള ഒമാന് ഇന്ന് ജയിച്ചാൽ റൺറെയ്റ്റിന്റെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകാം. പാപ്വാ ന്യൂ ​ഗിനിക്ക് സാധ്യത കുറവാണ്.