ലിവർപൂളിനും ആഴ്സണലിനും വിജയം; മാഞ്ചസ്റ്റർ സിറ്റിക്ക് സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അഞ്ചാം റൗണ്ട് മത്സരങ്ങളിൽ ലിവർപൂളിനും ആഴ്സണലിനും വിജയം. അതേസമയം നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി സൗത്താംപ്റ്റണുമായി ഗോൾ രഹിത സമനിലയിൽ കുരുങ്ങി. എവർട്ടണെ പരാജയപ്പെടുത്തി ആസ്റ്റൺ വില്ല രണ്ടാം ജയം സ്വന്തമാക്കി.
ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. സാദിയോ മാനേ, മുഹമ്മദ് സല, നാബി കീറ്റ എന്നിവരാണ് ലിവർപൂളിന് വേണ്ടി ഗോളുകൾ സ്ക്കോർ ചെയ്തത്. ഇതോടെ അഞ്ച് കളികളിൽ നിന്നും 13 പോയിന്റോടെ ലിവർപൂൾ പട്ടികയിൽ ഒന്നാമതാണ്. സാദിയോ മാനേയുടെ ലിവർപൂളിന് വേണ്ടിയുള്ള നൂറാം ഗോളായിരുന്നു ഇത്.
തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം അഴ്സണൽ രണ്ടാം വിജയം സ്വന്തമാക്കി. ബേൺലിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ആഴ്സണൽ വിജയിച്ചത്. മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ല, എതിരില്ലാത്ത മൂന്ന് ഗോളിന് എവർട്ടണെയും തോൽപ്പിച്ചു.
നിലവിലുള്ള ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ സൗത്താംപറ്റൺ ഗോൾരഹിത സമനിലയിൽ തളച്ചു.