ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തു; മുരളി ഗോപിക്കെതിരെ സൈബര്‍ ആക്രമണം
ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെയുള്ള കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്ത നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം. കാര്‍ട്ടൂണിസ്റ്റായ ദിനേഷ് കുക്കുജഡ്കയുടെ കാര്‍ട്ടൂണ്‍ ആണ് മുരളി ഗോപി ഷെയര്‍ ചെയ്തത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ സംഘപരിവാര്‍ അണികള്‍ ആക്രമണവുമായി കൂട്ടത്തോടെ എത്തുകയായിരുന്നു.
നിനക്ക് ഇപ്പോള്‍ ജിഹാദികളായിരിക്കും സിനിമ തരുന്നത് അല്ലേ മുരളീ എന്നാണ് ഒരു കമന്റ്. താങ്കള്‍ സുഡാപ്പികളുടെ അടിമയായി മാറിയെന്നും വെളിച്ചെണ്ണയുടെ വില കൂടിയത് കാണുന്നില്ലേ എന്ന മറുചോദ്യവുമൊക്കെയാണ് കമന്റുകളില്‍ നിറയുന്നത്. അസഭ്യ കമന്റുകളും നിരവധിയാണ്. കേരളത്തില്‍ ദിവസവും നൂറുകണക്കിന് ആളുകള്‍ മരിച്ചു വീഴുന്നു. അതിലൊന്നും മിണ്ടാട്ടമില്ല. പെട്രോള്‍ വിലയാണ് അവന് പ്രശ്‌നം എന്നാണ് മറ്റൊരു കമന്റ്.
നല്ലൊരു കലാകാരനായ താങ്കള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെയാണ് പരിഹസിക്കുന്നതെന്നും ചിലര്‍ പറയുന്നു. ഇതിനിടയില്‍ ഇന്ധനവില സംബന്ധിച്ചുള്ള കണക്കുകളും മറ്റുമായി പ്രതിരോധിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആക്രമണം തുടരുകയാണ്.

